National
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയ്ക്ക് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
സ്ത്രീയെന്ന പരിഗണന മുൻനിർത്തിയും ആരോഗ്യകാരണങ്ങൾ പരിഗണിച്ചുമാണ് ജസ്റ്റീസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
കേസിലെ മറ്റ് ഏഴു പ്രതികൾ ജാമ്യത്തിലാണെന്ന ജയശ്രീയുടെ വാദവും കോടതി കണക്കിലെടുത്തു. നേരത്തേ വിഷയം പരിഗണിച്ചപ്പോൾ ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ.
കേസിൽ പിടിയിലായ പലരും പുറത്തിറങ്ങി. കേസിൽ മുഖ്യമന്ത്രിക്കു പങ്കുണ്ടോ എന്നുള്ളതാണ് ഇനി അറിയാനുള്ളത്.
മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയാറാകണം. സംഭവം നടന്നു മാസങ്ങൾ കഴിഞ്ഞിട്ടും തൊണ്ടി മുതൽ പോലും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ സിബിഐക്ക് അന്വേഷണം കൈമാറാൻ കോടതി മുൻകൈയെടുക്കണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് അയ്യപ്പ സംഗമം നടത്തിയത്.
അയ്യപ്പസംഗമത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് ഒരു രാത്രി ചെലവഴിക്കാൻ കോടികളാണു പൊടിപൊടിച്ചത്. ഇതിനു സിപിഎം അഖിലേന്ത്യ നേതാവായ എം. എ. ബേബി പൊതുസമൂഹത്തോടു മറുപടി പറയണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ളകേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ ഹർജിയിൽ ഇന്ന് വിധി പറയും. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക.
ജാമ്യ ഹർജിയിലെ വാദത്തിനിടെ തന്ത്രിയുടെയും ഭാര്യയുടെയും സ്വത്തുസമ്പാദനം സംബന്ധിച്ച നിർണായക തെളിവുകൾ എസ്ഐടി ഹാജരാക്കിയിരുന്നു. ഇരുവരുടെയും പേരിൽ കണക്കിൽപ്പെടാത്ത വൻ നിക്ഷേപം ഉണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
പ്രതിയുടെ സാമ്പത്തിക സ്രോതസ് ദുരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ ആചാരപരമായ കാര്യങ്ങളിൽ മാത്രം ഇടപെട്ടയാളാണ് താനെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം.
Kerala
പാലക്കാട്: ശബരിമല യുവതീപ്രവേശനവിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണെന്നും സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലം തിരുത്തണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
യുവതീപ്രവേശനത്തെ അനുകൂലിച്ച പഴയ നിലപാടില്‍ മാറ്റമുണ്ടെന്നും ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും കോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പുതുയുഗയാത്രയ്ക്കു പാലക്കാട്ട് നല്കിയ സ്വീകരണയോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സതീശൻ.
വിശ്വാസികളെയും വിവിധ സംഘടനകളെയും കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുന്‍പ് മാപ്പുപറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് വ്യക്തമാക്കാതെ ഒളിച്ചുകളിക്കുകയാണ്. സത്യവാങ്മൂലം തിരുത്തിയില്ലെങ്കില്‍ സര്‍ക്കാരിന്റെ കാപട്യം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടും.
താന്‍ ഇന്‍സ്റ്റന്റായി തീരുമാനമെടുക്കുന്ന ആളാണെന്ന നിയമമന്ത്രിയുടെ പരിഹാസത്തിനും സതീശൻ മറുപടി നല്കി. നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നവരാണ് ഞങ്ങള്‍. അഫിഡവിറ്റ് തിരുത്താന്‍ ഒരുകൊല്ലം ആലോചിക്കേണ്ട കാര്യമില്ല. സിപിഎമ്മിനു നിലപാടുമില്ല, ഉറപ്പുമില്ല, എന്നാല്‍ അയ്യപ്പഭക്തരുടെ വോട്ട് വേണമെന്നു സതീശൻ കളിയാക്കി.
മാറ്റത്തിനുമാത്രമാണ് മാറ്റമില്ലാത്തതെന്ന സിപിഎം സംസ്ഥാനസെക്രട്ടറിയുടെ പ്രസ്താവന ആര്‍ക്കും മനസിലാകാത്ത ഭാഷയാണെന്നും ആചാരങ്ങള്‍ സംരക്ഷിക്കുമെന്നു മര്യാദയ്ക്കു പറഞ്ഞാല്‍ പോരേയെന്നും സതീശന് ചോദിച്ചു. യുഡിഎഫ് അധികാരത്തില്‍വന്നാല്‍ ശബരിമലയിലെ ആചാരങ്ങളെ അനുകൂലിച്ച് പുതിയ സത്യവാങ്മൂലം നല്‍കും.
പിണറായി സര്‍ക്കാര്‍ മൂന്നാമതും വരുമെന്ന മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയെ സതീശന് തള്ളിക്കളഞ്ഞു. അയ്യർക്ക് ഇപ്പോള്‍ കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ലെന്നും അധികാരവും സുഖസൗകര്യങ്ങളും അനുഭവിച്ചശേഷം പാര്‍ട്ടിയെ തള്ളിപ്പറയുന്ന സ്വഭാവമാണ് അദ്ദേഹത്തിനുള്ളതെന്നും സതീശന് പരിഹസിച്ചു.
വി.എസ്. അച്യുതാനന്ദന്റെ മുന്‍ പിഎ എ. സുരേഷ് യുഡിഎഫിലേക്കു വരുന്നതിനെ സതീശൻ സ്വാഗതംചെയ്തു. ഇടതുപക്ഷപ്രസ്ഥാനത്തിന്റെ പ്രതീകമായ വിഎസിന്റെ സന്തതസഹചാരികള്പോലും സിപിഎമ്മുമായി പിരിയുകയാണെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ വിസ്മയങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala
കൊച്ചി: ശബരിമല സന്നിധാനത്തെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയെ ഇന്ന് കൊച്ചിയിലെ ഓഫീസിൽ ഇഡി മണിക്കൂറുകളോളം ചോദ്യം ചെയ്തു. പ്രമുഖ ചലച്ചിത്ര താരം ജയറാമിനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വ്യക്തത തേടിയാണ് ഇഡി ജയറാമിനെ വിളിപ്പിച്ചിരിക്കുന്നത്. സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ പതിപ്പിക്കേണ്ട സ്വർണ്ണപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയെന്ന കണ്ടെത്തൽ വിവാദമായിരുന്നു.
വെറുമൊരു ചടങ്ങിനപ്പുറം, സ്വർണ്ണക്കൊള്ളയിലൂടെ ലഭിച്ച തുക താരത്തിന്റെ ബിസിനസ്സ് ഇടപാടുകളിലോ സിനിമയിലോ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. ദേവസ്വം ബോർഡ് സെക്രട്ടറിയായിരിക്കെ, സ്വർണ്ണപ്പാളികളെ രേഖകളിൽ 'ചെമ്പ്' എന്ന് തിരുത്തി എഴുതാൻ ഉത്തരവിട്ടത് ജയശ്രീയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Kerala
കൊല്ലം: ശബരിമലയിലെ സ്വർണപ്പാളികളിലും വിഗ്രഹങ്ങളിലും സ്വർണത്തിന്റെ അളവ് കുറഞ്ഞതുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് നാളെ ജാമ്യാപേക്ഷ സമർപ്പിക്കും. കൊല്ലം വിജിലൻസ് കോടതിയിലാണ് അപേക്ഷ നൽകുന്നത്.
നിലവിൽ വിജിലൻസ് കോടതി ഇദ്ദേഹത്തെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തിരിക്കുകയാണ്. ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി സെല്ലിലാണ് ശങ്കരദാസിനെ താമസിപ്പിച്ചിരിക്കുന്നത്.
കേസിലെ മറ്റ് പ്രധാന പ്രതികളായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, തിരുവാഭരണം കമ്മിഷണറായിരുന്ന കെ.എസ്. ബൈജു, മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി എന്നിവർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് കഴിയാത്തതിനെത്തുടർന്ന് ഇവർക്ക് സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു.
സമാനമായ രീതിയിൽ അന്വേഷണം വൈകുന്നത് ശങ്കരദാസിനും ജാമ്യം ലഭിക്കാൻ തുണയായേക്കുമെന്നാണ് നിയമവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
Kerala
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇത്തവണ മുറിച്ചെടുത്തത് സ്വര്‍ണപ്പാളിയുടെ വലിയ ഭാഗങ്ങള്‍.
ദ്വാരപാലക ശില്പത്തിന്റെ കൈയുടെ ഭാഗവും മുറിച്ചെടുത്തു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സന്നിധാനത്ത് എസ്ഐടി പരിശോധന നടത്തിവരികയായിരുന്നു. സാമ്പിള്‍ പരിശോധനയ്ക്കായാണ് പാളികള്‍ മുറിച്ചെടുത്തത്.
എന്നാല്‍ പാളികള്‍ ഈ രൂപത്തില്‍ ദീര്‍ഘകാലം വയ്ക്കാനാകില്ലെന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനര് നിര്‍ദേശിച്ചു. തന്ത്രിയുടെ അനുവാദം വാങ്ങിയശേഷമാണ് എസ്ഐടി പാളികള്‍ മുറിച്ചെടുത്തശേഷം പുനഃസ്ഥാപിച്ചത്.
അംഗഭംഗം വന്നെങ്കിലും തത്കാലം സ്ഥാപിക്കാമെന്നും മുറിച്ചുമാറ്റിയ ഭാഗങ്ങളിലെ വിടവുകള്‍ എന്തു ചെയ്യണമെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിക്കട്ടേയെന്നും തന്ത്രി പറഞ്ഞു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നവര്‍ക്ക് കേന്ദ്ര ഏജന്‍സിയില്‍ മാത്രം വിശ്വാസം തോന്നാന്‍ കാരണമെന്തെന്ന ചോദ്യവുമായി ഹൈക്കോടതി. സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്തിനാണ്.
കേസ് നിലവില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘവും വിജിലന്‍സുമാണ് അന്വേഷിക്കുന്നതെന്ന് കോടതി പറഞ്ഞു.
രാജ്യാന്തര ബന്ധങ്ങളടക്കം സംശയിക്കുന്നതിനാല്‍ സിബിഐ അന്വേഷിക്കണമെന്ന് ഹര്‍ജിക്കാരായ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, വിശ്വഹിന്ദു പരിഷത്ത്, തന്ത്രി സമാജം തുടങ്ങിയവര്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു കേന്ദ്ര ഏജന്‍സിയുമായി ബന്ധപ്പെട്ട് ദേവസ്വം ബെഞ്ച് ചോദ്യമുന്നയിച്ചത്.
നിലവിലെ സാഹചര്യത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം കാര്യക്ഷമമാകില്ലെന്നാണു ഹർജികളിലെ ആരോപണം. ശബരിമലയിലെ സ്വര്‍ണം വിവിധ സംസ്ഥാനങ്ങളില്‍ എത്തിച്ചിട്ടുണ്ടെന്നും അവിടങ്ങളിലെ ആളുകള്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതിനാല്‍ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം മതിയാകില്ലെന്നുമാണ് ഹര്‍ജിയിലെ വാദം.
സിബിഐ മികച്ച അന്വേഷണം നടത്തിയ ഇത്തരം കേസുകളില്‍ ചിലതു ചൂണ്ടിക്കാട്ടാനാകുമോ. സിബിഐയെ മഹത്തരമായി കാണുന്നുണ്ടെങ്കില്‍ തിരിച്ചും ചിന്തിച്ചുകൂടെയെന്നും ജസ്റ്റീസുമാരായ എ. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ചോദിച്ചു. തുടര്‍ന്ന് ഹര്‍ജി വീണ്ടും ഒന്നിച്ചു പരിഗണിക്കാനായി മാര്‍ച്ച് 13ലേക്കു മാറ്റി.
കേസില്‍ കക്ഷിചേരാനായി മാധ്യമപ്രവര്ത്തകന് എം.ആര്. അജയന് സമര്‍പ്പിച്ച ഹര്‍ജി പരിഗണനാര്‍ഹമല്ലെന്നു വിലയിരുത്തി കോടതി തള്ളി. അഭിഭാഷകന് ഹാജരാകാതിരുന്നതിന്റെ പേരില്‍ ഹര്ജിക്കാരന് ഹൈക്കോടതി നേരത്തേ പിഴ ചുമത്തിയിരുന്നു.
Kerala
കണ്ണൂർ: ശബരിമലയിലെ സ്വർണം കവർന്നവർ രക്ഷപ്പെടില്ലെന്നും ഉറപ്പായും ശിക്ഷിക്കപ്പെടുമെന്നും സ്പീക്കർ എ.എൻ. ഷംസീർ.
മോഷണം ആര് നടത്തിയാലും മോഷണം മോഷണംതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസ് അസോസിയേഷൻ ( കെപിഎ) കണ്ണൂർ സിറ്റി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സ്പീക്കർ എ.എൻ. ഷംസീർ.
എല്ലാക്കാലത്തും വിമർശനങ്ങൾക്കു വിധേയമാകുന്ന വിഭാഗമാണ് ആഭ്യന്തരവകുപ്പും പോലീസ് സേനയും. പോലീസിനകത്തെ തെറ്റായ ശീലങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.
രാജ്യത്തെ മികച്ച പോലീസ് സേനയാണ് കേരള പോലീസെന്നും സ്പീക്കർ പറഞ്ഞു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.വി. സന്ദീപ് കുമാർ അധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജ് മുഖ്യാതിഥിയായി.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡില്‍ കഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍. വാസുവിന്റെ ജാമ്യ ഹർജിയില്‍ ഇന്ന് കൊല്ലം വിജിലന്‍സ് കോടതി വിധി പറയും.
റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് സ്വാഭാവിക ജാമ്യം തേടി കേസിലെ മൂന്നാം പ്രതിയായ വാസു കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹർജി നല്‍കിയത്.
എസ്ഐടി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതും പ്രതിഭാഗം ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ചൂണ്ടിക്കാട്ടി. ഇന്നലെ തന്നെ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് ഇക്കാര്യത്തില്‍ വിവേചനം കാണിക്കാന്‍ പറ്റില്ലെന്നും ഇന്നു ജാമ്യഹര്‍ജിയില്‍ വിധി പറയുമെന്നും കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് വ്യക്തമാക്കി. എന്നാല്‍ ജാമ്യം അനുവദിക്കുകയാണെങ്കില്‍ മറ്റു പ്രതികള്‍ക്കു സ്വാഭാവിക ജാമ്യം നല്കിയ കര്‍ശന ഉപാധികള്‍ വേണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടു.
അതേസമയം, കേസില്‍ ദേവസ്വം മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ എ.പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. അതിനിടെ തന്ത്രി കട്ടിളപ്പാളി, ദ്വാരപാലക കേസുകളില്‍ പ്രതിയായി റിമാന്‍ഡില്‍ കഴിയുന്ന കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയില്‍ ഇന്നലെ പ്രോസിക്യൂഷന്റെ വാദം നടന്നു. കഴിഞ്ഞ ദിവസം പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായിരുന്നു. ജാമ്യ ഹർജിയില്‍ വിധി 18ലേക്കു മാറ്റി.
കണ്ഠര് രാജീവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും തന്ത്രിക്ക് ഇപ്പോള്‍ ജാമ്യം നല്കിയാല് തെളിവുകള്‍ നശിപ്പിക്കുമെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന് വാദിച്ചു. ആചാരപരമായ കാര്യങ്ങളില്‍ മാത്രം ഇടപെടുന്നയാളാണ് തന്ത്രിയെന്നും സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വാദങ്ങള്‍ കേട്ട കോടതി എസ്ഐടി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും വിധി പറയുക.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കൊല്ലം വിജിലന്‍സ് കോടതി ജാമ്യാപേക്ഷയില്‍ 18 ന് വിധി പറയും. തന്ത്രിയുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് എസ്ഐടി കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
തന്ത്രിയുടെയും കുടുംബാംഗങ്ങളുടെ അടക്കം സാമ്പത്തിക സ്രോതസിന്റെ രേഖകൾ ഉൾപ്പടെ എസ്ഐടി കോടതിയിൽ ഹാജരാക്കി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയും ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും നിക്ഷേപമുണ്ടെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്.
സമാനരീതിയില്‍ മറ്റു സ്ഥാപനങ്ങളിലും നിക്ഷേപമുണ്ട്. തന്ത്രിയ്ക്കും ഭാര്യക്കും ആദായനികുതി വകുപ്പിനെ അറിയിക്കാത്ത നിക്ഷേപമുണ്ടെന്ന് എസ്ഐടി വ്യക്തമാക്കി. ഈ വലിയ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷണങ്ങള്‍ നടക്കുകയാണെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ജുഡീഷല്‍ കസ്റ്റഡിയിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണറും പ്രസിഡന്റുമായിരുന്ന എന്‍. വാസുവും സ്വാഭാവിക ജാമ്യം തേടി. കേസിലെ മൂന്നാം പ്രതിയായ വാസു കേസില്‍ അറസ്റ്റിലായി ശനിയാഴ്ച 90 ദിവസം കഴിഞ്ഞതിനാല്‍ ഇന്നലെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ജാമ്യപേക്ഷ നല്കി. ഇന്നു വിശദമായ വാദം കേള്‍ക്കും.
കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന് പോറ്റി അടക്കം നാലു പ്രതികള്‍ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഉണ്ണികൃഷ്ണന് പോറ്റിക്കും മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ എന്നിവര്‍ക്കും സ്വാഭാവിക ജാമ്യം ലഭിച്ചപ്പോൾ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിനു തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നല്‍കിയിരുന്നു. പ്രത്യേക അന്വേഷണ സംഘം 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്തതിനാലാണ് ശ്രീകുമാര്‍ ഒഴികെ മറ്റു പ്രതികള്‍ക്കു സ്വാഭാവിക ജാമ്യം നല്‍കിയത്.
കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യം പ്രതിയുടെ അവകാശമാണെന്നും അത് അനുവദിക്കണമെന്നും വാസു നല്കിയ ജാമ്യപേക്ഷയില് പറയുന്നു. ഇന്നു വിശദമായ വാദം കേൾക്കും. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ പത്മകുമാറിന്റെ കസ്റ്റഡി കാലാവധി ഈ മാസം 20ന് 90 ദിവസം പൂര്‍ത്തിയാകും. 20ന് പത്മകുമാറും സ്വാഭാവിക ജാമ്യത്തിന് അപേക്ഷ നല്‍കും.
അതിനിടെ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്നലെ വാദംതുടങ്ങി. ഇന്നലെ പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി. കൊല്ലം വിജിലന്‍സ് കോടതിയില്‍ തന്ത്രിക്കുവേണ്ടി അഡ്വ. ബി. രാമന്‍പിള്ള ഓണ്‍ലൈനായി ഹാജരായി.
അഡ്മിനിട്രേറ്റീവ് കാര്യങ്ങളില്‍ തന്ത്രിക്ക് ഇടപെടാന്‍ കഴിയില്ലെന്നു പ്രതിഭാഗം വാദിച്ചു. ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് ഇടപെടാന്‍ കഴിയുന്നത്. തന്ത്രിയുമായി ഉണ്ണികൃഷ്ണന് പോറ്റിക്കുള്ള ബന്ധം സ്വര്‍ണക്കൊള്ളയ്ക്കു വഴിവച്ചു എന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തല്‍.
അങ്ങനെ ഒരു ബന്ധമായിരുന്നെങ്കില്‍ പോറ്റിക്ക് കീഴ്ശാന്തിയുടെ സഹായിയായി നില്‍ക്കേണ്ടതില്ലല്ലോ എന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. ഉയര്‍ന്ന ബന്ധമുണ്ടായിരുന്നെങ്കില്‍ പോറ്റിയെ തന്ത്രിക്കൊപ്പമോ അല്ലെങ്കില്‍ ഉയര്‍ന്ന സ്ഥാനങ്ങളിലോ നിര്‍ത്താമായിരുന്നല്ലോ, അങ്ങനെ ഉണ്ടായില്ലല്ലോ എന്നും പ്രതിഭാഗം വാദം ഉയര്‍ത്തി. ഇന്നാണ് പോസിക്യൂഷന് വാദം.
Kerala
തിരുവനന്തപുരം: സോണിയാ ഗാന്ധിയെ കാണാൻ തനിക്ക് സൗകര്യമൊരുക്കിയത് കർണാടകയിലെ തന്റെ ബന്ധം ഉപയോഗിച്ചാണെന്ന് ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി എസ്ഐടിക്കു മൊഴി നൽകി. ആറ്റിങ്ങൽ മണ്ഡലത്തിലെ എംപിയെന്ന നിലയിലാണ് അടൂർ പ്രകാശിനെ വിളിച്ചതെന്നും പോറ്റി മൊഴി നൽകി.
ഏതാണ്ട് ഇതിനു സമാനമായ മൊഴിയാണ് അടൂർ പ്രകാശും നൽകിയതെന്നാണ് വിവരം. അടൂർ പ്രകാശിനെ വഴുതക്കാടുള്ള ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യുന്പോൾ, ചാക്കയിലെ എസ്ഐടി ആസ്ഥാനത്ത് ഉണ്ണികൃഷ്ണൻ പോറ്റിയെ എത്തിച്ചിരുന്നു.
ജാമ്യത്തിലിറങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റി ചൊവ്വയും വെള്ളിയുമാണ് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകേണ്ടത്. എന്നാൽ, ഇന്നലെ പ്രത്യേകമായി വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് വിവരം.
Kerala
കണ്ണൂർ: ശബരിമല സ്വർണക്കൊള്ള കേസ് പരിപൂർണമായും അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്നും കേസിലെ ഓരോ പ്രതികളും ജാമ്യം നേടി പുറത്തുവന്നുക്കൊണ്ടിരിക്കുകയാണെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.
കണ്ണൂർ ഡിസിസി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഭാഗികമായി കുറ്റപത്രം സമർപ്പിക്കാമെന്നിരിക്കേ അതും ഉണ്ടായിട്ടില്ല. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണു പ്രതികൾ ജാമ്യം നേടി പുറത്തുവരുന്നത്. കുറ്റപത്രം സമർപ്പിക്കുന്നത് വളരെ ആസൂത്രിതമായി വൈകിക്കുകയാണ്.
പ്രോസിക്യൂഷന്റെ അനുമതിയും സ്വർണവുമായി ബന്ധപ്പെട്ട രാസപരിശോധനാ ഫലവും ലഭിക്കാത്തതുക്കൊണ്ടാണ് കുറ്റപത്രം സമർപ്പിക്കാത്തതെന്നാണ് എസ്ഐടി പറയുന്നത്. എന്നാൽ, ഇതിന് രണ്ടിനും അനുമതി നൽകേണ്ടത് മുഖ്യമന്തിയാണെന്നും ചെന്നിത്തല പറഞ്ഞു. ഭാഗികമായ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിൽ പ്രതികൾക്കു ജാമ്യം ലഭിക്കില്ലായിരുന്നു. നാലുമാസം കഴിഞ്ഞിട്ടും കവർച്ച ചെയ്ത സ്വർണം എവിടെയെന്നു കണ്ടുപിടിക്കാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ലെന്നതും ഗൗരവമായ വിഷയമാണ്.
പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെക്കൊണ്ട് ജനങ്ങൾ മറുപടി പറയിക്കും. സംസ്ഥാനത്താകെ സിപിഎമ്മിന് മുന്നൂറിലേറെ രക്തസാക്ഷികളുണ്ട്. അവരുടെ കുടുംബത്തെ രക്ഷിക്കുന്നതിനായി ഇതുവരെ മുന്നൂറ് കോടിയോളം രൂപ പിരിച്ചിട്ടുണ്ടാകും.
പയ്യന്നൂരിലെ രക്തസാക്ഷിക്കായി പാർട്ടിക്കാരിൽനിന്നു മാത്രമല്ല ഫണ്ട് പിരിച്ചത്. ജനങ്ങളിൽനിന്നുകൂടിയാണ്. അതുകൊണ്ട് ഫണ്ട് ശേഖരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണ്ടതുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ പാർട്ടിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
കണ്ണൂരിൽ കെ. സുധാകരൻ മത്സരിക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, സുധാകരൻ എവിടെ മത്സരിച്ചാലും ജയിക്കുമെന്നായിരുന്നു മറുപടി. ആരൊക്കെ മത്സരിക്കണമെന്ന കാര്യം ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മന്ത്രി വി.എൻ. വാസവൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം ഇന്നലെയും നിയമസഭാ നടപടികൾ തടസപ്പെടുത്തി. പ്രതിപക്ഷ ബഹളത്തെ തുടർന്നു സ്പീക്കർ എ.എൻ. ഷംസീർ ചോദ്യോത്തരവേള റദ്ദാക്കി. രാവിലെ സഭ ആരംഭിച്ചപ്പോൾതന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്വർണക്കൊള്ളക്കേസിൽ തങ്ങൾ സമരം തുടരുകയാണെന്നു സ്പീക്കറെ അറിയിച്ചു.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ളവർ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങുകയാണ്. എസ്ഐടിയുടെ അന്വേഷണത്തിൽ ജനങ്ങൾക്കു തൃപ്തിയില്ല. കഴിഞ്ഞ ദിവസം സഭയിൽ പ്രതിപക്ഷം ഉയർത്തിയ ബാനർ വാച്ച് ആൻഡ് വാർഡുമാർ ബലമായി പിടിച്ചുമാറ്റുകയായിരുന്നു. ബാനർ വാങ്ങാനാണു തങ്ങളുടെ എംഎൽഎമാർ ഡയസിൽ കയറിയതെന്നും അല്ലാതെ അവരെ മർദിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു.
പതിവുപോലെ പ്ലക്കാർഡുകളും ബാനറുമായി സഭയിലെത്തിയ പ്രതിപക്ഷം ഇന്നലെ സഭയുടെ നടുത്തളത്തിൽ ഇരുന്നു മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. ഇതോടെ മറ്റു നടപടികളെല്ലാം പൂർത്തിയാക്കി 51 മിനിറ്റുനുള്ളിൽ സ്പീക്കർ സഭാ നടപടികൾ അവസാനിപ്പിച്ചു.
രാവിലെ പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിൽ ഭരണപക്ഷാംഗങ്ങൾ പ്രകോപിതരാകുകയും പ്രതിപക്ഷത്തിനെതിരേ പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതോടെ സഭ കൂടുതൽ പ്രക്ഷുബ്ധമായി. ശബരിമല സ്വർണക്കൊള്ളക്കേസിൽ കേരളത്തിലെ ജനങ്ങൾക്ക് ഉത്കണ്ഠയുണ്ടെന്നും പ്രതികൾ ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കപ്പെടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
പ്രതികൾക്കെല്ലാം ഇപ്പോൾ ജാമ്യം ലഭിക്കുന്ന അവസ്ഥയാണ്. ഇങ്ങനെപോയാൽ ശബരിമല സ്വർണക്കേസുതന്നെ മുങ്ങിപ്പോകും. കേസിൽ സിപിഎമ്മിന്റെ പ്രധാന നേതാക്കൾ ജയിലിൽ പോകുമെന്ന ഭയം കൊണ്ടാണു സർക്കാർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രിമാർ കൂട്ടത്തോടെ പ്രതിപക്ഷ നേതാവിനെതിരേ രംഗത്തെത്തിയപ്പോൾ ഇന്നലെ മന്ത്രി എം.ബി. രാജേഷ് മാത്രമാണ് സതീശനെ വിമർശിച്ചത്.
Kerala
കൊച്ചി: സംസ്ഥാന സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ ശബരിമല സ്വര്‍ണക്കൊള്ള കേസ് സിബിഐക്കു കൈമാറണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍.
സിപിഎം നേതാക്കളും മന്ത്രിയും മുന്‍മന്ത്രിയുമടക്കം ആരോപണ വിധേയരാകുമ്പോള്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലക്കാരനായ മുഖ്യമന്ത്രിക്കു കീഴിലെ അന്വേഷണസംഘം അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല.
കേസില്‍ ഒന്നും ഒളിക്കാനില്ലെങ്കില്‍ സിബിഐക്കു വിടാന്‍ തയാറാകുകയാണു വേണ്ടതെന്നും എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസില്‍ അദ്ദേഹം പറഞ്ഞു. ട്വന്റി 20 ചെയര്മാന് സാബു എം. ജേക്കബും പങ്കെടുത്തു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പ്രതികളും പുറത്തിറങ്ങുകയും, ഇനിയും അകത്തു പോകേണ്ട പ്രതികള്‍ പുറത്തു നില്‍ക്കുകയുമാണ്. ബാക്കിയുള്ള പ്രതികളിലേക്ക് കൂടി അന്വേഷണം പോകുന്നില്ല എന്നത് അപകടകരമാണ്. ആ പ്രതികള്‍ സിപിഎമ്മിനും സര്‍ക്കാരിനും ഏറ്റവും വേണ്ടപ്പെട്ട പ്രതികളാണ്.
ആ പ്രതികളിലേക്ക് പോയാല്‍ സര്‍ക്കാര്‍ തന്നെ തകര്‍ന്നുവീഴും എന്ന തിരിച്ചറിവില്‍, മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുതന്നെ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അനധികൃത ഇടപെടല്‍ നടത്തുകയാണെന്ന് വി.ഡി. സതീശന് ആരോപിച്ചു.
ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നിഷേധിച്ച പ്രധാന പ്രതികള്‍ വരെ സ്റ്റാറ്റിയൂട്ടറി ജാമ്യം നേടി പുറത്തു വരികയാണ്. ഒരു അന്വേഷണവും നടക്കുന്നില്ല. തൊണ്ടിമുതല്‍ കണ്ടെത്തിയിട്ടില്ല. തെളിവുകള്‍ ശേഖരിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കേരളത്തിലെ പ്രതിപക്ഷ നേതാക്കളെ ഇതുപോലെ അധിക്ഷേപിച്ച കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. സ്പീക്കര്‍ അവര്‍ക്ക് എല്ലാ അവസരവും നല്കുന്നു. പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെ, പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷ അംഗങ്ങളെയും അധിക്ഷേപിക്കാന്‍ ചോദ്യോത്തര വേളയ്ക്കിടെ അഞ്ചു മന്ത്രിമാര്‍ക്കാണ് സ്പീക്കര്‍ അവസരം കൊടുത്തത്.
പ്രതിപക്ഷ പ്രതിഷേധത്തിനിടെ വാച്ച് ആന്റ് വാര്‍ഡാണ് പ്രകോപനം ഉണ്ടാക്കിയത്. അഞ്ചുവര്‍ഷത്തിനിടെ പ്രതിപക്ഷം നിയമസഭയില്‍ ഒരു അക്രമവും കാണിച്ചിട്ടില്ല. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട, അക്രമം കാണിച്ചവരെ ഒപ്പം ഇരുത്തിക്കൊണ്ടാണ് ഭരണപക്ഷം യുഡിഎഫിനെ ആക്ഷേപിക്കുന്നതെന്നും വി.ഡി. സതീശന് പറഞ്ഞു.
അതേസമയം, അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ എന്ന ബാനര്‍ പിടിച്ചായിരുന്നു നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം.
പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനവും പ്രതിഷേധക്കാര്‍ പാടി. ജയിലിനകത്ത് ആരപ്പാ... സഖാക്കളാണേ അയ്യപ്പാ എന്നും പ്രതിഷേധക്കാര്‍ ആലപിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള സംബന്ധിച്ച് പ്രത്യേക സംഘം നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് പരാമർശങ്ങൾക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ.
കേസിൽ ജഡ്ജിമാർ തോന്നുന്ന പരാമർശങ്ങൾ നടത്തുന്നത് ഹൈക്കോടതിക്കുതന്നെ എതിരേയുള്ള നടപടിയാണെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രത്യേക അന്വേഷണത്തിനു നിർദേശം നൽകിയതും മേൽനോട്ടം വഹിക്കുന്നതും ഹൈക്കോടതിയാണ്. ഇത് ശരിയായി അറിയാത്ത ആളല്ല സിംഗിൾ ബെഞ്ച്.
സിംഗിൾ ബെഞ്ച് പരാമർശം പ്രത്യേക അന്വേഷണസംഘത്തിന് എതിരേയുള്ളതാണെന്നു വേണമെങ്കിൽ വ്യാഖ്യാനിക്കാം. എന്നാൽ, ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രത്യേക അന്വേഷണസംഘത്തിന്റെ നടപടിയിൽ പൂർണ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
എസ്ഐടിക്കെതിരേ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾക്ക് കോടതി കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾക്കും ഇതേച്ചൊല്ലിയുള്ള സംഘർഷത്തിനും മറുപടി പറയവേയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
“നിയമസഭയിൽ പ്രതിപക്ഷം കാട്ടിയ കോപ്രായങ്ങൾ അപലപനീയം”
നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങൾ കാട്ടിയത് കോപ്രായങ്ങളാണെന്നും അത് അപലപനീയമാണെന്നും ഇതിനെ സഭ അപലപിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സഭയ്ക്കകത്ത് ഒരുകാലത്തും ഇല്ലാത്ത നടപടികളാണ് പ്രതിപക്ഷം കാട്ടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: അന്വേഷണം മരവിപ്പിച്ചും കുറ്റപത്രം നൽകാതെയും പ്രതികളെ പുറത്തിറക്കി ശബരിമല സ്വർണക്കൊള്ളയിലെ അന്വേഷണം അട്ടിമറിക്കാനുള്ള സർക്കാർ ശ്രമത്തിന് എതിരായ പോരാട്ടമാണ് പ്രതിപക്ഷം നിയമസഭയ്ക്കുള്ളിലും പുറത്തും നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും മന്ത്രി വി.എൻ. വാസവനും മുൻ ദേവസ്വം പ്രസിഡന്റുമാർക്കും സ്വർണക്കൊള്ളയിൽ പങ്കുണ്ട്.
മന്ത്രിമാർ കോണ്‍ഗ്രസിനെതിരേ ആരോപണം ഉന്നയിക്കുന്നത് ബിജെപിയുടെ ഗുഡ് ബുക്കിൽ കയറിപ്പറ്റാനുള്ള തന്ത്രമാണ്. ലാവ്ലിൻ അന്വേഷണം സിബിഐക്കു വിട്ട ചീഫ് ജസ്റ്റീസിനെ നാടുകടത്താനും മുദ്രാവാക്യം വിളിക്കാനും നേതൃത്വം നൽകിയ ആളാണ് നിയമമന്ത്രിയുടെ കസേരയിൽ ഇരുന്ന് പ്രതിപക്ഷനേതാവ് ഹൈക്കോടതിയെ അധിക്ഷേപിച്ചെന്നു പറയുന്നത്. ധർമശാസ്താവിന്റെ സ്വർണം കട്ട സിപിഎം നേതാക്കൾ അഴിക്കുള്ളിൽ ആകുന്നതുവരെ സമരവുമായി മുന്നോട്ടു പോകും.
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ രജിസ്റ്റർ തിരുത്തിയാണ് ദ്വാരപാലക ശിൽപം കടത്തിയത്. അതിന്റെ ഫോറൻസിക് പരിശോധനപോലും മൂന്നു ദിവസം മുൻപാണു നടത്തിയത്. എല്ലാം വൈകിക്കുന്നു. പ്രതികൾ പുറത്തിറങ്ങി എല്ലാ തെളിവുകളും നശിപ്പിച്ച് ശബരിമല സ്വർണക്കൊള്ള എങ്ങും എത്തിക്കാതിരിക്കാനുള്ള ശ്രമമാണു നടത്തുന്നത്.
ഏത് കോടതിയാണ് ശബരിമല വിഷയത്തിൽ പ്രതിപക്ഷത്തെ വിമർശിച്ചത്? കോടതി വിമർശിച്ചത് എസ്ഐടിയെയാണ്. തദ്ദേശ തെരഞ്ഞെടുപ്പുകാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദം ചെലുത്തി അന്വേഷണം മരവിപ്പിച്ചെന്ന് പ്രതിപക്ഷം പറഞ്ഞത് പിന്നീട് കോടതി ശരിവച്ചതായും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: ശബരിമലയുടെ പേരിൽ കേരളത്തിൽ നടക്കുന്ന കാര്യങ്ങളെല്ലാം അയ്യപ്പൻ കാണുന്നുണ്ടെന്ന് ശബരിമലയുടെ അയൽവാസിയായ കെ.യു. ജനീഷ്കുമാറിന് ഉറപ്പാണ്. അനുഭവമാണ് കമ്യൂണിസ്റ്റുകാരനായ ജനീഷ്കുമാറിനെ അയ്യപ്പ വിശ്വാസിയാക്കിയത്.
ശബരിമല സ്വർണക്കൊള്ളയുടെ പേരിൽ നിയമസഭയിൽ പ്രതിപക്ഷം വലിയ കോലാഹലം സൃഷ്ടിച്ച ദിവസമാണ് ജനീഷ്കുമാർ അയ്യപ്പന്റെ പേരിൽ നിയമസഭയിൽ ആണയിട്ടത്. ‘സ്വർണം കട്ടവരാരപ്പാ, സഖാക്കളാണേ അയ്യപ്പാ’ എന്ന് ഈണത്തിൽ പാടി പ്രതിപക്ഷം സഭ വിട്ടിറങ്ങുകയും സഭാ കവാടത്തിൽ പ്രതിഷേധിക്കുകയും ചെയ്യുമ്പോഴും മറിച്ചു വിശ്വസിക്കാനാണ് ജനീഷ്കുമാറിന് ഇഷ്ടം.
തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമലയിൽ അയ്യപ്പൻ കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞെന്നു ജനീഷ്കുമാർ ചൂണ്ടിക്കാട്ടി. ശബരിമല വാർഡിൽ അയ്യപ്പനാമധാരിയായ സഖാവ് മണികണ്ഠൻ വിജയിച്ചു. പഞ്ചായത്തിൽ സിപിഎമ്മിനും ബിജെപിക്കും തുല്യനിലയിൽ വോട്ടു വന്നപ്പോൾ നറുക്കെടുപ്പു വേണ്ടിവന്നു. വിജയിച്ചത് സിപിഎം അംഗം. അതിൽ അയ്യപ്പന്റെ നേരിട്ടുള്ള ഇടപെടലുണ്ടെന്ന് ജനീഷ്കുമാർ ഉറച്ചുവിശ്വസിക്കുന്നു. പന്തളം മുനിസിപ്പാലിറ്റിയിൽ ഭരണം ബിജെപിയിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. അയ്യപ്പനിലുള്ള വിശ്വാസം മുറുകാൻ ഇതിൽ കൂടുതലെന്തു വേണം? ഇനി നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ തൂത്തെറിയാൻ അയ്യപ്പൻ ഇടപെടുമെന്ന കാര്യത്തിൽ ജനീഷ്കുമാറിനു സംശയമില്ല.
പോറ്റിയെ ശബരിമലയിൽ കൊണ്ടുവന്നത് കെ.സി. വേണുഗോപാൽ ദേവസ്വംമന്ത്രി ആയിരുന്നപ്പോഴാണ്. വാജിവാഹനം എടുത്തു കൊടുത്തതും അവരുടെ കാലത്ത്. ഇതിനൊന്നും മറുപടി പറയാനില്ലാത്തതുകൊണ്ടാണു പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്കരിച്ചു പോകുന്നതത്രെ.
2015 മാർച്ച് 13നു കെ.എം. മാണി ബജറ്റ് അവതരിപ്പിച്ച ദിവസത്തോളം വന്നില്ലെങ്കിലും നിയമസഭയിൽ ഇന്നലെ അരങ്ങേറിയത് കടുത്ത പ്രതിഷേധമായിരുന്നു. സ്പീക്കറുടെ ഡയസിലേക്ക് അംഗങ്ങൾ തള്ളിക്കയറിയതും വാച്ച് ആൻഡ് വാർഡ് പ്രതിപക്ഷത്തിന്റെ ബാനർ ബലമായി പിടിച്ചുമാറ്റാൻ ശ്രമിച്ചതുമൊക്കെ ഈ നിയമസഭയുടെ കാലയളവിൽ ആദ്യത്തെ കാഴ്ചയായിരുന്നു. പ്രതിഷേധം ഒടുവിൽ ബഹിഷ്കരണത്തിലെത്തിയപ്പോൾ തലേദിവസത്തേതിനു സമാനമായി ബജറ്റ് ചർച്ച ഭരണപക്ഷാംഗങ്ങളുടെ മാത്രം കാര്യമായി.
പത്തു വർഷത്തെ ഭരണനേട്ടങ്ങൾ നിരത്തി മൂന്നാം ഇടതുസർക്കാർ ഉറപ്പെന്നു സ്ഥാപിക്കാൻ ഭരണപക്ഷത്തുനിന്നു പ്രസംഗിച്ചവർ മത്സരിച്ചപ്പോഴാണ് ഒടുവിൽ പ്രസംഗിക്കാനെത്തിയ ജനീഷ്കുമാർ അയ്യപ്പന്റെ കൃപയാൽ ഭരണം കിട്ടുമെന്നു പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനഗോലുവായിരുന്നു ഇന്നലെയും പലരുടെയും ലക്ഷ്യം. കനഗോലുവിന്റെ അപവാദപ്രചാരണങ്ങളോടാണു തങ്ങൾ ഏറ്റുമുട്ടുന്നതെന്നു കെ.വി. സുമേഷ് പറഞ്ഞു. വി.ഡി. സതീശൻ വെറും ഡമ്മിയാണെന്നും കനഗോലുവാണു യഥാർഥത്തിൽ തീരുമാനങ്ങളെടുക്കുന്നതെന്നും പി.എസ്. സുപാൽ പറഞ്ഞു.
വയനാട് തുരങ്കപാതയ്ക്കു പിന്നാലെ ബജറ്റിൽ കട്ടപ്പന-തേനി തുരങ്കപാത കൂടി പ്രഖ്യാപിച്ചതോടെ മണ്ഡലത്തിലൊരു തുരങ്കപാതയില്ലെങ്കിൽ എന്തോ കുറച്ചിലാണെന്ന ചിന്തയിലാണു സെബാസ്റ്റ്യൻ കുളത്തുങ്കൽ. മലയോരമണ്ഡലത്തിൽനിന്നു നിലവിൽ എറണാകുളത്തേക്കും നെടുമ്പാശേരിയിലേക്കുമൊക്കെ പോകുന്നത് ഈരാറ്റുപേട്ട-തൊടുപുഴ വഴിയാണ്. ഇതാണെങ്കിൽ ദുർഘടപാതയുമാണ്. അതുകൊണ്ട് ഈരാറ്റുപേട്ടയിൽനിന്നു തൊടുപുഴയിലേക്ക് ഒരു തുരങ്കപാത വേണമെന്നാണു സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ആവശ്യം.
ശബരിമല സ്വർണം... അത്... ഇത് എന്നൊക്കെ പറഞ്ഞു നാലു വോട്ടു വാങ്ങാനുള്ള പ്രതിപക്ഷത്തിന്റെ പാഴ്ശ്രമം വിലപ്പോവില്ലെന്നു സി.കെ. ഹരീന്ദ്രൻ പറഞ്ഞു. കടലോളം പ്രതീക്ഷിച്ചിട്ടു കടലാമയോളം മാത്രമാണു കിട്ടിയതെന്നു പി.പി. സുമോദ് പറഞ്ഞു. ഉത്തരേന്ത്യയിൽ പശുവിനും കേരളത്തിൽ കടലാമയ്ക്കും മാത്രമേ രക്ഷയുള്ളൂ എന്നും സുമോദ് പറഞ്ഞു. അഭിമാനപദ്ധതികൾക്കൊന്നും ഒരു പൈസ പോലും നൽകാതെ കേരളീയരെ കേന്ദ്രം അപമാനിച്ചു എന്ന് ഒ.എസ്. അംബിക പറഞ്ഞു. തിരുവനന്തപുരം നഗരം ആർജിച്ചെടുത്ത മുഴുവൻ നേട്ടങ്ങളും ബിജെപി ഭരണത്തിൽ നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് മുൻ മേയർ കൂടിയായ വി.കെ. പ്രശാന്ത് പങ്കിട്ടത്.
ധനമന്ത്രിയുടെ മറുപടിയോടെ ബജറ്റിന്റെ പൊതുചർച്ച ഇന്ന് അവസാനിക്കും.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് നിയമസഭയ്ക്ക് മുന്നിൽ യുവമോർച്ച മാർച്ച്. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു.
പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ തടയാൻ വലിയ പോലീസ് സന്നാഹത്തെയാണ് അണിനിരത്തിയിരിക്കുന്നത്.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായി.
ദ്വാരപാലക കട്ടിളപ്പാളി കേസിലാണ് ചോദ്യം ചെയ്യൽ. ഇഡി കേസ് ഏറ്റെടുത്ത ശേഷം ആദ്യം ചോദ്യം ചെയ്യുന്നയാളാണ് മുരാരി ബാബു. പ്രതികളുടെ പക്കൽ നിന്ന് പിടിച്ചെടുത്ത രേഖകൾ കേന്ദ്രികരിച്ചാണ് അന്വേഷണം ആരംഭിക്കുന്നത്.
എസ്ഐടി രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങിയ മുരാരി ബാബുവിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു.
ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് ഇഡി തീരുമാനം.സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് 12 ഓളം ആളുകൾക്കാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് ജാമ്യം. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് രണ്ട് കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെ സുധീഷ് കുമാറിന് ജാമ്യം ലഭിക്കുകയായിരുന്നു.
അതേസമയം, കേസിലെ മറ്റൊരു പ്രതിയായ ദേവസ്വം മുൻ കമ്മീഷ്ണർ എൻ. വാസുവിനെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധി അവസാനിച്ചതോടെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
Kerala
കൊല്ലം: പ്രത്യേക അന്വേഷണസംഘം കുറ്റപത്ര നടപടികള്‍ വൈകിക്കുന്നതോടെ സ്വാഭാവിക ജാമ്യം തേടി കൂടുതല്‍ പ്രതികള്‍ കോടതിയിലേക്ക്. റിമാന്‍ഡില്‍ കഴിയുന്ന മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ്കുമാര്‍ ഇന്നലെ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചു.
തിങ്കളാഴ്ച സുധീഷ്കുമാറിന്റെ ജാമ്യഹർജി പരിഗണിക്കും. രണ്ടു കേസുകളിലും അറസ്റ്റിലായി റിമാന്‍ഡ് കാലാവധി 90 ദിവസം കഴിഞ്ഞതു കാട്ടിയാണ് ഇന്നലെ ഹർജി നല്‍കിയത്.
ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനു പിന്നാലെ അറസ്റ്റിലായ ആളാണ് സുധീഷ്കുമാര്‍. സ്വര്‍ണപ്പാളികള്‍ കടത്തുമ്പോള്‍ സുധീഷ് കുമാറായിരുന്നു ശബരിമലയില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍.
പ്രത്യേക അന്വേഷണസംഘം ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യം അനുവദിച്ചു നല്‍കാനാണ് സാധ്യത. ഇതോടെ സുധീഷ്കുമാറും ജയില്‍മോചിതനാകും. സ്വാഭാവിക ജാമ്യം കിട്ടി മുരാരി ബാബുവും തെളിവുകളുടെ അഭാവം ചൂണ്ടിക്കാണിച്ച് എസ്. ശ്രീകുമാറും കഴിഞ്ഞ ദിവസം ജാമ്യം കിട്ടി പുറത്തുവന്നിരുന്നു.
ദ്വാരപാലക ശില്പ കേസില്‍ ജാമ്യം ലഭിച്ച ഉണ്ണികൃഷ്ണന് പോറ്റി, കട്ടിളപ്പാളി കേസില്‍ റിമാന്‍ഡ് പൂര്‍ത്തിയാവാത്തതിനെ തുടര്‍ന്നാണ് ജയിലില്‍ കഴിയുന്നത്.
ഉണ്ണിക്കൃഷ്ണന് പോറ്റി രണ്ടാം കേസില്‍ അറസ്റ്റിലായിട്ട് തിങ്കളാഴ്ച 90 ദിവസമാകും. അന്നുതന്നെ സ്വാഭാവിക ജാമ്യത്തിന് ഹർജി നല്‍കാനാണു തീരുമാനം. ബോര്‍ഡ് പ്രസിഡന്റും കമ്മീഷണറുമായിരുന്ന എന്‍. വാസുവിനും ഫെബ്രുവരി 15നകം കുറ്റപത്രം സമര്‍പ്പിച്ചില്ലങ്കില്‍ സ്വാഭാവിക ജാമ്യം ലഭിക്കും. തിരുവാഭരണം കമ്മീഷണര്‍ കെ.എസ്. ബൈജുവിനും സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള കാലാവധി അടുത്ത ആഴ്ചയോടെയാകും.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ കുറ്റപത്രം നല്കുന്നതു വൈകിക്കുക മാത്രമല്ല ഇതിനു മുന്നോടിയായുള്ള പ്രോസിക്യൂഷന് അനുമതി പോലും അന്വേഷണസംഘം തേടുന്നില്ല. അറസ്റ്റിലായ 12 പേരില്‍ ഒന്‍പതു പേരും സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവര്‍ എന്ന വിഭാഗത്തില്‍ വരുന്നതിനാല്‍ കുറ്റപത്രം നല്കാന് സര്‍ക്കാരിന്റെ പ്രോസിക്യൂഷന് അനുമതി വേണം. ഇതു തേടാനുള്ള അപേക്ഷ പോലും ഇതുവരെ നല്‍കിയിട്ടില്ല.
ഇനി അപേക്ഷ നല്കിയാല് തന്നെ അപേക്ഷ പരിഗണിച്ച് സര്‍ക്കാര്‍ അംഗീകാരമാകാന് സമയമെടുക്കും. സര്‍ക്കാര്‍ അനുമതി ലഭിച്ചാലേ കുറ്റപത്രം നല്കാന് കഴിയൂ. അതിനുള്ളില്‍ പ്രതികളെല്ലാം സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങും.
അതിനിടെ, സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവിറങ്ങിയതോടെ കൊല്ലം വിജിലന്‍സ് കോടതിയില്‍ നിലവിലുണ്ടായിരുന്ന പ്രോസിക്യൂട്ടര്‍ക്കു കേസില്‍ ഹാജരാകാന്‍ നിയമതടസമുണ്ട്. ഇതും വരും ദിവസങ്ങളില്‍ എസ്ഐടിക്ക് വെല്ലുവിളിയായേക്കും.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളായവരുടെയും ആരോപണവിധേയരുടെയും മൊഴികള്‍ രേഖപ്പെടുത്താനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനടക്കം 12 പേര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ നിയമോപദേശം ലഭിച്ചതിനു പിന്നാലെയാണ് കേസില്‍ വിശദമായ ചോദ്യം ചെയ്യലിന് ഇഡി ഒരുങ്ങുന്നത്.
ഉണ്ണികൃഷ്ണന് പോറ്റി, കര്‍ണാടത്തിലെ ജ്വല്ലറി ഉടമ ഗോവര്ധന്, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരെയാകും ആദ്യഘട്ടത്തില്‍ ചോദ്യംചെയ്യുക.
സാക്ഷികള്‍ക്കു നല്കുന്ന സമന്സാകും കടകംപള്ളി സുരേന്ദ്രനു നല്‍കുക. പ്രതികളുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കടകംപള്ളി സുരേന്ദ്രനെയും വിളിച്ചുവരുത്താനാണ് ഇഡി നീക്കം. എന്നാല്‍, ചോദ്യം ചെയ്യാനുള്ളവരുടെ പട്ടികയില്‍ തന്ത്രി കണ്ഠര് രാജീവരെ ഇതുവരെ ഉള്പ്പെടുത്തിയിട്ടില്ലെന്നാണു സൂചന.
അതിനിടെ, കേസുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ ഇഡി നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത രേഖകളില്‍ വ്യക്തത തേടി പ്രതികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇഡി നോട്ടീസ് അയച്ചു.
ഉണ്ണികൃഷ്ണന് പോറ്റി, മുരാരി ബാബു, ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്നിവരോടാണു വ്യക്തത തേടിയിട്ടുള്ളത്. നേരിട്ടോ അഭിഭാഷകന് മുഖേനയോ വിവരങ്ങള്‍ അറിയിക്കാനാണു നിര്‍ദേശം.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര് ജയിലില്‍ തുടരും. ജാമ്യഹര്‍ജി പരിഗണിക്കുന്നതു കൊല്ലം വിജിലന്‍സ് കോടതി ഫെബ്രുവരി മൂന്നിലേക്കു മാറ്റി. കട്ടിള പാളി കേസിലാണ് മൂന്നാം തീയതി വാദം കേള്‍ക്കുക. ദ്വാരപാലക ശില്പകേസില് തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്നലെ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. തന്ത്രിക്കായി മുതിര്‍ന്ന അഭിഭാഷകന് കെ. രാമന്‍പിള്ള ഓണ്‍ലൈനായി ഹാജരായി.
ഇതേ സമയം തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ.എസ്. ബൈജു, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, ജ്വല്ലറി ഉടമ ഗോവര്ധന്, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവരെ 14 ദിവസത്തേക്കുകൂടി റിമാന്‍ഡ് ചെയ്തു.
തന്നെ മനഃപൂര്‍വം കേസില്‍ കുടുക്കിയെന്നാണ് തന്ത്രി ഹര്‍ജിയില്‍ വാദിച്ചത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയുമായി തന്ത്രി കണ്ഠര് രാജീവരിന് അടുത്ത ബന്ധമാണ് ഉള്ളതെന്നും ഗൂഢാലോചനയില്‍ അടക്കം പങ്കുണ്ടെന്നുമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. രണ്ടു തവണ പാളികള്‍ കടത്തിയതിലും തന്ത്രിക്കു പങ്കുണ്ടെന്നും തന്ത്രിക്ക് പ്രതികളുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നുമാണ് എസ്ഐടി വാദം.
തന്ത്രിയുടെ കൈപ്പട പരിശോധിക്കാനുള്ള നീക്കവും പ്രത്യേക സംഘം ആരംഭിച്ചിട്ടുണ്ട്. ഇതിനായുള്ള അപേക്ഷ കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയിരുന്നു. ദ്വാരപാലക പാളികള്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ അനുവാദം നല്‍കിയതിലാണ് പരിശോധന.
തന്ത്രി സ്വന്തം കൈപ്പടയിലാണ് ഇക്കാര്യം എഴുതി നല്‍കിയതെന്ന് ശാസ്ത്രീയമായി തെളിയിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. അനുമതി ലഭിച്ചാലുടന്‍ സാമ്പിള്‍ ശേഖരിക്കുമെന്ന് എസ്ഐടി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നീക്കവുമായി എസ്ഐടി. ശാസ്ത്രീയ പരിശോധനയിലെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി വിഎസ്എസ്സി ശാസ്ത്രജ്ഞരുടെ മൊഴിയെടുക്കൽ ആരംഭിച്ചു.
പഴയ വാതിൽ പാളിയുടെ ശാസ്ത്രീയ പരിശോധന ഫലവുമായി താരതമ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാൽ ഒരാഴ്ചയ്ക്കുള്ളിൽ പൂർണ വിവരങ്ങൾ ലഭിക്കുമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. നഷ്ടമായ സ്വര്‍ണത്തിന്റെ അവളവ് കൃത്യമായി കണ്ടെത്തുകയാണ് ലക്ഷ്യം.
അതേസമയം കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുരാരി ബാബുവിന്റെ മൊഴിയെടുക്കാനുള്ള നീക്കം ആരംഭിച്ചു. ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് മുരാരി ബാബു കഴിഞ്ഞ ദിവസം ജയിൽ മോചിതനായിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വണക്കൊള്ള കേസില്‍ ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പിന്തുണച്ച് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍.
ആരുമില്ലാത്ത സമയത്ത് വിശ്വാസികള്‍ക്കു വേണ്ടി നിലകൊണ്ടത് കടകംപള്ളി സുരേന്ദ്രനാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
കടകംപള്ളി കുറ്റക്കാരനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും ചില മുഖ്യധാരാ മാധ്യമങ്ങള്‍ വഴിയാണ് ഇത് നടക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നു പ്രതികൾ കൂട്ടത്തോടെ പുറത്തേക്ക്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കു പിന്നാലെ മറ്റൊരു പ്രതിയായിരുന്ന ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനു ജാമ്യം ലഭിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള സമ്മർദത്തെത്തുടർന്നാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തതെന്നും ഇതാണ് പ്രതികൾ രക്ഷപ്പെടാൻ ഇടയാക്കുന്നതെന്നുമുള്ള ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ ഇടക്കാല കുറ്റപത്രം സമർപ്പിക്കാൻ എസ്ഐടി നടപടി തുടങ്ങി.
കട്ടിളപ്പാളി കടത്തു കേസിലും ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളി തട്ടിച്ച കേസിലും പ്രതിയായ മുരാരി ബാബുവിനു കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. രണ്ടു കേസിലും ജാമ്യം ലഭിച്ചതിനെത്തുടർന്നാണ് മുരാരി ബാബു തിരുവനന്തപുരം സ്പെഷൽ സബ് ജയിലിൽനിന്നു പുറത്തിറങ്ങിയത്. 90 ദിവസത്തിനകം കുറ്റപത്രം നൽകാതിരുന്നതോടെ സ്വാഭാവിക ജാമ്യമമാണ് മുരാരി ബാബുവിനു ലഭിച്ചത്. ഒരു കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്കും ജാമ്യം ലഭിച്ചു.
90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ അടുത്ത കേസിലും ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു ജാമ്യം ലഭിക്കും. ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാത്തത് കുറ്റവാളികൾ ജയിലിൽനിന്നു പുറത്തിറങ്ങുന്നതിന് കാരണമാകും.
അന്വേഷണത്തിന്റെ റഡാറിൽ നിൽക്കുന്നവർക്കും അറസ്റ്റ് ചെയ്യാപ്പെട്ടാലുടൻ ജാമ്യം കിട്ടുന്നതിന്, മുഖ്യപ്രതികൾക്ക് ജാമ്യം ലഭിക്കുന്നതു കാരണമാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. എസ്ഐടിക്കുമേൽ ശക്തമായ സമ്മർദം മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം പിന്നീടു കോടതിയും ശരിവച്ചിരുന്നു.
കുറ്റപത്രം സമർപ്പിക്കുന്നതിൽ എസ്ഐടി വീഴ്ച വരുത്തി. നഷ്ടപ്പെട്ട സ്വർണമോ ദ്വാരപാലക ശില്പമോ ഇതുവരെ കണ്ടെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ കുറ്റവാളികൾ പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ചത്.
പാർട്ടി സംരക്ഷിക്കുന്ന പ്രതികൾക്കു ജാമ്യം കിട്ടാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യം ലഭിക്കുന്ന അവസ്ഥ എസ്ഐടി ഉണ്ടാക്കാൻ പാടില്ലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ സമ്മർദത്തെത്തുടർന്നാണ് എസ്ഐടി കുറ്റപത്രം സമർപ്പിക്കാതിരുന്നതെന്നാണ് പ്രതിപക്ഷം കരുതുന്നത്.
കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ടക്കേസിൽ നിലപാട് മാറ്റിയെന്ന വാർത്ത സോഷ്യൽ മീഡിയയിൽ നടക്കുന്ന തെറ്റായ പ്രചരണമാണെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. ദ്വാരപാലക ശില്പം ഏത് കോടീശ്വരനാണ് വിറ്റതെന്ന് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ പറയണമെന്ന് ആവശ്യപ്പെട്ടതിനാണ് തനിക്കെതിരേ കേസ് കൊടുത്തത്.
ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു എന്നാണ് കടകംപള്ളി നൽകിയ നോട്ടീസിന് മറുപടി നൽകിയത്. ഇതു സംബന്ധിച്ച് സ്ത്യവാങ്മൂലവും ഹാജരാക്കിയിട്ടുണ്ട്.
നോട്ടീസിലും സത്യവാങ്മൂലത്തിലും പറഞ്ഞതിൽനിന്നു മാറി എങ്ങനെയാണ് വാദത്തിൽ സംസാരിക്കുന്നത്? എങ്ങനെയാണ് കോടതിയിൽ മലക്കം മറിയുന്നതെന്നും സതീശൻ ചോദിച്ചു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). എസ്ഐടി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുരാരി ബാബുവിന് ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് ഇഡി നീക്കം. ഉടന്‍ സമന്‍സ് നല്‍കും.
ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുരാരി ബാബുവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മുരാരി ബാബുവാണ് ദേവസ്വം രേഖകളില്‍ സ്വര്‍ണം ചെമ്പാണെന്നു രേഖപ്പെടുത്തിയത്. ഇതിന്റെ രേഖകള്‍ ഇഡി കഴിഞ്ഞദിവസം ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തിരുന്നു. 13 മണിക്കൂറോളം നീണ്ട പരിശോധനയാണ് ഇഡി സംഘം ഇവിടെ നടത്തിയത്.
ദ്വാരപാലക വിഗ്രഹ ഘടകങ്ങള്‍, പീഠങ്ങള്‍, ശ്രീകോവിലിന്റെ വാതില്‍ ഫ്രെയിംപാനലുകള് എന്നിവയുള്‍പ്പെടെ ക്ഷേത്രത്തിലെ പവിത്രമായ സ്വര്‍ണം പൂശിയ വസ്തുക്കള്‍ ഔദ്യോഗിക രേഖകളില്‍ വെറും ചെമ്പ് തകിടുകളാണെന്ന് മനഃപൂര്‍വം തെറ്റായി രേഖപ്പെടുത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കേസിലെ മറ്റു പ്രതികളെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാന്‍ഡിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന കെ.പി.ശങ്കർദാസിനെ പൂജപ്പുര സെന്‍ട്രൽ ജയിലിലേക്ക് മാറ്റി. മെഡിക്കൽ ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് ഇയാളെ ജയിലിലേക്ക് മാറ്റിയത്.
കഴിഞ്ഞ 17നാണ് ശങ്കർദാസിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും ഇനി ആശുപത്രിയിൽ തുടരേണ്ടതില്ലെന്നും വ്യക്തമാക്കി മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ട് നൽകിയതോടെയാണ് ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
ശങ്കർദാസിനെ ജയിലിലേക്ക് മാറ്റിയത് സംബന്ധിച്ച് 27 ന് കോടതിക്ക് റിപ്പോർട്ട് നൽകും. ശങ്കർദാസിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി റിപ്പോര്‍ട്ട് നൽകാൻ ജയിൽ സൂപ്രണ്ടിന് ഹൈക്കോടതി നിര്‍ദേശം നൽകിയിരുന്നു.
Kerala
കൊച്ചി: ദ്വാരപാലക വിഗ്രഹഘടകങ്ങള്, പീഠങ്ങള്‍, ശ്രീകോവിലിന്റെ വാതില്‍ ഫ്രെയിം, പാനലുകള്‍ എന്നിവയുള്‍പ്പെടെ ക്ഷേത്രത്തിലെ പവിത്രമായ സ്വര്‍ണം പൂശിയ വസ്തുക്കള്‍ ഔദ്യോഗിക രേഖകളില്‍ വെറും ചെമ്പ് തകിടുകളാണെന്ന് മനഃപൂര്‍വം തെറ്റായി രേഖപ്പെടുത്തി, 2019-2025 കാലയളവില്‍ ക്ഷേത്രപരിസരത്തുനിന്ന് അനധികൃതമായി മാറ്റിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ഇഡി പറയുന്നു.
ഇവ പിന്നീട് ചെന്നൈയിലെയും കര്‍ണാടകയിലെയും സ്മാര്‍ട്ട് ക്രിയേഷന്‍സ്, റോഡാം ജ്വല്ലേഴ്സ് എന്നിവയുള്‍പ്പെടെയുള്ള സ്വകാര്യസ്ഥാപനങ്ങളിലേക്ക് കൊണ്ടുപോയി. അറ്റകറ്റപ്പണികളുടെയും പുനര്‍നിര്‍മാണത്തിന്റെയും മറവില്‍ രാസപ്രക്രിയകളിലൂടെ സ്വര്‍ണം വേര്‍തിരിച്ചെടുത്തു. വേര്‍തിരിച്ചെടുത്ത സ്വര്‍ണവും അനുബന്ധ സ്വത്തുക്കളും പ്രതികള്‍ സൂക്ഷിക്കുകയും കൈമാറ്റം ചെയ്യുകയും മറച്ചുവയ്ക്കുകയും ചെയ്തുവെന്നും ഇഡി വ്യക്തമാക്കി. മാത്രമല്ല ശബരിമല ക്ഷേത്രത്തിലെ മറ്റു സാമ്പത്തിക ക്രമക്കേടുകളുടെയും അഴിമതികളുടെയും സൂചനകള്‍ അന്വേഷണത്തില്‍ വെളിച്ചത്തുവന്നിട്ടുണ്ട്. ക്ഷേത്ര വഴിപാടുകളും ആചാരങ്ങളുമായി ബന്ധപ്പെട്ട ദുരുപയോഗവും ഇതില്‍ ഉള്‍പ്പെടുന്നു. ഇവയും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിനു കീഴില്‍ പരിശോധിക്കുന്നതായും ഇഡി അറിയിച്ചു.
വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ കുറ്റകരമായ രേഖകളും ഡിജിറ്റല്‍ തെളിവുകളും കണ്ടെടുത്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തയാറാക്കിയ മഹസറുകളും ഔദ്യോഗിക രേഖകളും ഇതില്‍ ഉള്‍പ്പെടും. ഇതില്‍ സ്വര്‍ണം പൂശിയ വിശുദ്ധ പുരാവസ്തുക്കളെ ചെമ്പ് പ്ലേറ്റുകളായി മനഃപൂര്‍വം തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതുവഴിയാണ് അവ അനധികൃതമായി നീക്കം ചെയ്യാനും സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുമുള്ള നീക്കങ്ങള്‍ നടത്തിയിട്ടുള്ളതെന്നും ഇഡി പറയുന്നു.
2019നും 2024നും ഇടയില്‍ പുറപ്പെടുവിച്ച ഉത്തരവുകള്ക്കുപുറമെ ഔദ്യോഗിക ശിപാര്‍ശകള്‍, കത്തിടപാടുകള്‍, സ്വകാര്യ ജ്വല്ലറികളുടെ ഇന്‍വോയ്സുകള്‍, പേമെന്റ് രേഖകള്‍ എന്നിവയും രാസവസ്തുക്കള്‍ ഉപയോഗിച്ചു വേര്‍തിരിച്ചെടുക്കലും പുനര്‍നിര്‍മാണവും എന്നിവയുമായി ബന്ധപ്പെട്ട വാറന്റി സര്‍ട്ടിഫിക്കറ്റുകളും പിടിച്ചെടുത്തവയിലുണ്ട്.
കൂടാതെ ക്ഷേത്ര വഴിപാടുകളിലും ആചാരങ്ങളിലും ചില ഉദ്യോഗസ്ഥര്‍ നടത്തിയ ക്രമക്കേടുകള്‍, വരുമാനം വകമാറ്റല്‍, ഗുണനിലവാരവുമായി ബന്ധപ്പെട്ട നഷ്ടങ്ങള്‍, വിശദീകരിക്കാത്ത സ്വത്തുക്കളുടെ ശേഖരണം, ചില ഉദ്യോഗസ്ഥര്‍ നടത്തിയ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള രേഖകളും കണ്ടെത്തി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ദേവസ്വം ബോർഡ് ആസ്ഥാനത്തു നടത്തിയ റെയ്ഡ് നീണ്ടത് ഇരുപത്തിരണ്ടു മണിക്കൂർ. ചെവ്വാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് ഇന്നലെ പുലർച്ചെ നാലിനാണ് അവസാനിച്ചത്.
മരാമത്ത് പണികളുടെ കോണ്‍ട്രാക്ട് സംബന്ധിച്ച സാന്പത്തിക ഇടപാടുകളുടെ രേഖകൾ, ശബരിമലയിൽ സ്പോണ്‍സർഷിപ്പിലൂടെ ലഭിച്ച തുകയുടെയും വഴിപാടിനത്തിൽ ലഭിച്ച തുകയുടെയും രേഖകൾ എന്നിവ ഇഡി പിടിച്ചെടുത്തു. ദേവസ്വം ബോർഡ് ജീവനക്കാരുടെ സാന്നിധ്യത്തിൽ ഓരോ കാര്യങ്ങളും വിശദമായി ചോദിച്ചു മനസിലാക്കിയാണ് ഇഡി ഉദ്യോഗസ്ഥർ രേഖകൾ പിടിച്ചെടുത്തത്.
ദേവസ്വം ബോർഡിന്റെ അധീനതയിൽ നടത്തിയിട്ടുള്ള സാന്പത്തിക ഇടപാടുകളുടെ രേഖകളും ഇഡിയുടെ പരിശോധനയിൽ കണ്ടെടുത്തിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ള ആസൂത്രണം ചെയ്തു നടപ്പാക്കാൻ പല വ്യാജരേഖകളും മുൻ ദേവസ്വം ബോർഡ് അധികൃതരും ഉദ്യോഗസ്ഥരും ചേർന്നു ചമച്ചിരുന്നുവെന്നതിന്റെ തെളിവുകളും ഇഡിക്കു കിട്ടിയെന്നാണു സൂചന.
സ്പോണ്‍സർഷിപ്പിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്ന സംശയം ഇഡിക്ക് ഉണ്ട്. ഇഡിയുടെ ഇന്റലിജൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇക്കാര്യങ്ങൾ വ്യക്തമായിരുന്നു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതികളുടെ 1.3 കോടിയുടെ ആസ്തികള്‍ മരവിപ്പിച്ച് ഇഡി. സംസ്ഥാനത്തിനകത്തും പുറത്തുമായി 21 സ്ഥലങ്ങളില്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയ്ക്കുപിന്നാലെയാണ് ഇഡി നടപടി.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) വ്യവസ്ഥകള്‍ പ്രകാരം കേസിലെ പ്രധാന പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിലാണ് 1.3 കോടി രൂപ മൂല്യംവരുന്ന എട്ട് സ്ഥാവര സ്വത്തുക്കള്‍ മരവിപ്പിച്ചത്.
കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ഇഡി പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതോടൊപ്പം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍നിന്നു 100 ഗ്രാം വരുന്ന സ്വര്‍ണക്കട്ടിയും സ്വര്‍ണം ചെമ്പാക്കിയ രേഖയും ഇഡി പിടിച്ചെടുത്തു.
2019നും 2024നും ഇടയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറപ്പെടുവിച്ച ഉത്തരവും ഇഡി കസ്റ്റഡിയിലെടുത്തു. ദേവസ്വംബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇഡി ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിട്ടുണ്ട്. "ഓപ്പറേഷന് ഗോള്‍ഡന്‍ ഷാഡോ’ എന്നപേരില്‍ കഴിഞ്ഞ 20ന് കേരളത്തിനുപുറമെ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ 21 സ്ഥലങ്ങളിലായിരുന്നു പരിശോധന.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മുന്‍ ക്ഷേത്ര ഭരണാധികാരികള്‍, സ്വകാര്യ സ്പോണ്‍സര്‍മാര്‍, ജ്വല്ലറികള്‍ എന്നിവരുള്‍പ്പെട്ട ആസൂത്രിതമായ ക്രിമിനല്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്ഐആറുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇഡി അന്വേഷണം.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിക്ക് ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം അപഹരിച്ച ആദ്യ കേസില്‍ സ്വാഭാവിക ജാമ്യം.
കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹർജിയില്‍ വാദം കേട്ടശേഷം നിയമപരമായ സ്വാഭാവിക നടപടിക്രമമെന്ന നിലയിലാണ് ജാമ്യം അനുവദിച്ചത്. 2025 ഒക്ടോബര്‍ 17നാണ് പോറ്റിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതു ചൂണ്ടിക്കാട്ടിയായിരുന്നു ഉണ്ണികൃഷ്ണന് പോറ്റി ജാമ്യഹർജി നല്‍കിയിരുന്നത്.
റിമാന്‍ഡ് കാലാവധി 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹത ഉണ്ടെന്നു പ്രതിഭാഗം വാദിച്ചു. എന്തുകൊണ്ടാണ് കുറ്റപത്രം സമര്പ്പിക്കാത്തതെന്നു കോടതി ചോദിച്ചു. കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ഉണ്ടെന്നും വിശദമായ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു. പ്രതിക്കു സ്വാഭാവിക ജാമ്യം നല്കിയാല് കര്‍ശന ഉപാധികള്‍ വേണമെന്നു പ്രോസിക്യൂഷന് വാദിച്ചു. ഈ വാദം അംഗീകരിച്ച കോടതി കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്നും കേരളം വിട്ടു പോകരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതന്നും തെളിവ് നശിപ്പിക്കരുതെന്നും പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു. അന്വേഷണസംഘം ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണമെന്നും എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ ഹാജരാകണമെന്നും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും ചെയ്യരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.
അതേ സമയം, കട്ടിളപ്പാളിയിലെ സ്വര്‍ണം അപഹരിച്ച കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ പോറ്റി ജയിലില്‍ തുടരും. രണ്ടാം കേസില്‍ 90 ദിവസം തികയാന്‍ ഇനിയും മൂന്നാഴ്ചകൂടിയുണ്ട്. ഇതിനിടയില്‍ ഇടക്കാല കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടിയിലേക്കാണ് പ്രത്യേക സംഘം ഒരുങ്ങുന്നത്. ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പോറ്റി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിച്ചേക്കുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിക്കും. കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കു വിവിധ ഘട്ടങ്ങളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.
കേസില്‍ കുറ്റപത്രം നല്‍കാനിരിക്കെയാണ് അന്വേഷണത്തിനായി കോടതി സമയം നീട്ടിനല്‍കിയതെന്നാണ് കുറ്റപത്രം കോടതിയില്‍ നല്കാന് താമസിച്ചതില്‍ അന്വേഷണ സംഘത്തിന്റെ വിശദീകരണം. കുടുതലായി കണ്ടെത്തിയ വിവരങ്ങള്‍ കൂടി അടിസ്ഥാനത്തില്‍ ഹൈക്കോടതിയുടെ അനുമതിയോടെ ഇടക്കാല കുറ്റപത്രം ഉടന്‍ എസ്ഐടി കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.
അതേസമയം,തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയും ഇന്നലെ കൊല്ലം വിജിലൻസ് കോടതി പരിഗണിച്ചു. രണ്ടു കേസിലും പ്രതിചേർത്ത മുരാരി ബാബുവിനെ ഒക്ടോബർ 23നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയായിട്ടും ഇതുവരെ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഇന്നലെ മുരാരി ബാബു ജാമ്യാപേക്ഷ സമർപ്പിച്ചു.
വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും കോടതി നടപടികൾക്കുശേഷം തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. അതിനിടെ തന്ത്രി കണ്ഠരരെ കസ്റ്റഡിയില്‍ വേണമെന്ന എസ്ഐടിയുടെ അപേക്ഷയും തന്ത്രി നല്കിയ ജാമ്യപേക്ഷയും ഇന്നു പരിഗണിക്കും.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പ്രതികളിലൊരാളായ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി നല്കിയ ഹര്‍ജി ഹൈക്കോടതി തുടർവാദത്തിനായി മാറ്റി.
കോടതിയില്‍ ഹാജരാക്കുന്നതിനുമുമ്പ് റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് നല്‍കിയില്ല എന്നതടക്കം പ്രതിയുടെ വാദത്തിന് മറുപടി നല്കാന് സര്‍ക്കാരിനു സമയം അനുവദിച്ച ജസ്റ്റീസ് എ. ബദറുദ്ദീന്‍ ഹര്‍ജി 27ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു.
അന്വേഷണവുമായി താന്‍ പൂര്‍ണമായും സഹകരിച്ചെങ്കിലും അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് കാരണമെന്തെന്ന് അറിയിക്കുകയോ അഭിഭാഷകനോടു സംസാരിക്കാന്‍ അനുവദിക്കുകയോ റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് നല്‍കുകയോ ചെയ്തില്ലെന്ന് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
നിയമപരമായ വീഴ്ചകള്‍ വരുത്തിയതിനാല്‍ അറസ്റ്റ് നടപടികള്‍ നിയമവിരുദ്ധമാണെന്നും കേസ് റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണ മോഷണക്കേസിൽ ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി. കുറ്റവാളികൾ ആരായാലും രക്ഷപ്പെടില്ല. ശബരിമലയിലെ തന്ത്രിയുടെ അറസ്റ്റ് കേരളത്തിലെ ജനങ്ങൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒന്നായിരുന്നു.
സത്യസന്ധമായ അന്വേഷണം തുടരുകയാണ്. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം കേസ് പൂർത്തിയാക്കി വരികയാണ്. തന്ത്രിയെ പരസ്യമായി അനുകൂലിച്ചു ബിജെപി രംഗത്തുവരുന്നതു ജനങ്ങൾ കാണുന്നുണ്ട്. ശബരിമല സ്വർണമോഷണ കേസിൽ കുറച്ചു ദിവസമായി കോണ്‍ഗ്രസിന്റെ പ്രസ്താവന ഒന്നും കാണാനില്ല അവരുടെ പ്രതികരണങ്ങൾ സ്വിച്ചിട്ട പോലെ നിന്നെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ വീണ്ടുമൊരു കേസ്കൂടി രജിസ്റ്റർ ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം ആലോചിക്കുന്നു. ശബരിമല സ്വർണക്കൊടിമരം പുനഃപ്രതിഷ്ഠ നടത്താൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ടാകും കേസ്.
കൊടിമരം ചിതലരിച്ചതായും പുനഃപ്രതിഷ്ഠ നടത്തണമെന്നുമുള്ള തീരുമാനവുമായി ബന്ധപ്പെട്ടാണിത്. പുനഃപ്രതിഷ്ഠാ നടപടി തുടങ്ങിയപ്പോൾ കൊടിമരം കോണ്‍ക്രീറ്റിൽ തീർത്തതാണെന്നു കണ്ടെത്തിയതാണ് സംശയങ്ങൾക്കിടയാക്കിയത്.
കേസിൽ ആരെയൊക്കെ പ്രതിയാക്കണമെന്നു പരിശോധനകൾക്കു ശേഷമാകും പ്രത്യേക അന്വേഷണ സംഘം തീരുമാനിക്കുക. രണ്ടു പതിറ്റാണ്ടായുള്ള ശബരിമലയിലെ നടപടി അന്വേഷിക്കണമെന്ന ഹൈക്കോടതി നിർദേശം അടിസ്ഥാനമാക്കിയാണു കൊടിമര പുനഃപ്രതിഷ്ഠ സംബന്ധിച്ചും അന്വേഷിക്കാൻ ആലോചിക്കുന്നത്.
നേരത്തേ തടിയിൽ തീർത്ത കൊടിമരമായിരുന്നു. എന്നാൽ കോണ്‍ക്രീറ്റ് കൊടിമരം നിർമിച്ചതു സംബന്ധിച്ച രേഖകളൊന്നും ഇപ്പോൾ കണ്ടെത്താനാകാത്തതാണു പ്രത്യേക അന്വേഷണ സംഘത്തിൽ സംശയമുണ്ടാക്കിയത്.
കൊടിമരം പുനഃപ്രതിഷ്ഠ നടത്താൻ തീരുമാനിച്ചത് 2014 മുതലാണ്. അതിനാൽ 2014മുതലുള്ള നടപടി പരിശോധിക്കും. കോണ്‍ക്രീറ്റ് തൂണിൽ ചിതലരിച്ചതും പുനഃപ്രതിഷ്ഠയ്ക്കായി ഹൈദരാബാദിലെ സ്പോണ്‍സറെ കണ്ടെത്തിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ആദ്യ കേസിൽ മുഖ്യ സൂത്രധാരൻ ഉണ്ണികൃഷ്ണൻ പോറ്റിക്കു ജാമ്യം ലഭിക്കുന്ന സാഹചര്യത്തിൽ കുറ്റപത്രം വൈകാതെ സമർപ്പിക്കുന്നതും പരിഗണിക്കുന്നു.
അതേസമയം, സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് വൈകാതെ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണു പ്രത്യേക അന്വേഷണ സംഘം പറയുന്നത്.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന് പോറ്റി കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹർജിയില്‍ വാദം പൂര്‍ത്തിയായി. വിധി ഇന്നു പറയും.
ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം അപഹരിച്ച ആദ്യ കേസില്‍ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതു ചൂണ്ടിക്കാട്ടിയായിരുന്നു ഉണ്ണിക്കൃഷ്ണന് പോറ്റി ജാമ്യഹർജി നല്‍കിയിരുന്നത്. റിമാന്‍ഡ് കാലാവധി 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹത ഉണ്ടെന്നു പ്രതിഭാഗം വാദിച്ചു.
എന്നാല്‍ കേസ് അന്വേഷണം നിർണായക ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ ജാമ്യം നൽകരുത്. ഇനിയും തുടരന്വേഷണം ആവശ്യമുണ്ട്. റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരും പോറ്റിയും തമ്മിലുള്ള ബന്ധം സംബന്ധിച്ചും കൂടുതൽ വ്യക്തത വരുത്തണം. നഷ്ടപ്പെട്ട സ്വർണത്തിന്റെ കണക്ക്, ഏതെല്ലാം തരത്തിൽ നഷ്ടമുണ്ടായിട്ടുണ്ട് തുടങ്ങിയ തലങ്ങളിലും അന്വേഷണം നടത്തി അവ വീണ്ടെടുക്കണം. ഉയർന്ന ജാമ്യത്തുക ഉൾപ്പെടെയുള്ള കടുത്ത ഉപാധികൾ വ്യവസ്ഥ ചെയ്യണമെന്നും പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ വാദിച്ചു.
പ്രതിക്കു ജാമ്യം നല്കിയാല് കര്‍ശന ഉപാധികള്‍ വേണമെന്നു പ്രോസിക്യൂഷനും വാദിച്ചു. പത്തനംതിട്ട ജില്ലയിലോ കേരളത്തിനു പുറത്തോ പോകാന്‍ പാടില്ല. ആഴ്ചയില്‍ രണ്ടു പ്രാവശ്യം പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണം തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രോസിക്യൂഷന് മുന്നോട്ടുവച്ചത്. ഇരു വാദങ്ങളും കേട്ട വിജിലന്‍സ് കോടതി ഹർജിയില്‍ ഇന്നു വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു.
അതിനിടെ കേസില്‍ അറസ്റ്റിലായ ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ്. ശ്രീകുമാറിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്കാണ് വിജിലന്‍സ് കോടതി കസ്റ്റഡി അനുവദിച്ചത്. വൈകുന്നേരത്തോടെ വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ദേവസ്വം ബോര്‍ഡ് മുന്‍ മെമ്പറും സിപിഎം പ്രതിനിധിയുമായ എന്‍. വിജയകുമാര്‍ സമര്‍പ്പിച്ച ജാമ്യഹർജി പരിഗണിക്കുന്നതു മറ്റൊരു ദിവസത്തേക്ക് മാറ്റിയിട്ടുണ്ട്. അതിനിടെ, തന്ത്രി കണ്ഠരെ കസ്റ്റഡിയില്‍ വേണമെന്ന എസ്ഐടിയുടെ അപേക്ഷയും തന്ത്രി നല്കിയ ജാമ്യപേക്ഷയും നാളെ പരിഗണിക്കും.
ജാമ്യം ലഭിച്ചാലും അകത്ത് തുടരണം
കട്ടിളപ്പാളിയിലെ സ്വര്‍ണം അപഹരിച്ച കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ ദ്വാരപാലക ശില്പ കേസില്‍ ജാമ്യം ലഭിച്ചാലും പോറ്റി ജയില്‍മോചിതനാകില്ല. രണ്ടാം കേസില്‍ 90 ദിവസം തികയാന്‍ ഇനിയും മൂന്നാഴ്ചകൂടിയുണ്ട്. അതിനാല്‍ ആദ്യഘട്ട കുറ്റപത്രമെങ്കിലും സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. ദ്വാരപാലക ശിൽപ്പപാളികളുടെ കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചെയ്ത് 90 ദിവസത്തിനു ശേഷവും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറത്തിറങ്ങാൻ കഴിയില്ല. കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി ജയിലിൽ തുടരും.
Kerala
കൊച്ചി: ശബരിമല സ്വർണ്ണകൊള്ളയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. സ്വർണപാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ച കോടതി, പി.എസ്. പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്തെ ഇടപാടുകളും അന്വേഷിക്കാൻ നിർദേശം നൽകി.
പ്രധാന പ്രതികളുടെയെല്ലാം ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ചൊവ്വാഴ്ച ശബരിമലയിൽ വീണ്ടും പരിശോധന നടത്താൻ എസ്ഐടിക്ക് കോടതി അനുമതി നല്കി.
വാതിൽപാളി അടക്കം അളക്കാനും പരിശോധിക്കാനുമാണ് ഹൈക്കോടതി അനുമതി. ഫെബ്രുവരി ഒമ്പതിന് വീണ്ടും കേസ് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ സ്വകാര്യ ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന കെ.പി.ശങ്കരദാസിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയിലെ ചികിത്സയിൽ അസ്വാഭാവികതയുണ്ടെന്ന ജയിൽ ഡോക്ടറുടെ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി.
അത്യാഹിത വിഭാഗത്തില്‍ എത്തിച്ചതിന് പിന്നാലെ ഹൃദ്രോഗ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ വൈകുന്നേരം ശങ്കരദാസ് കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിലെത്തി കൊല്ലം വിജിലൻസ് കോടതി ജഡ്ജി അദ്ദേഹത്തെ 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
കഴിഞ്ഞദിവസമാണ് ശബരിമല സ്വര്‍ണക്കൊള്ള കേസിലെ 11-ാം പ്രതിയായ കെ.പി. ശങ്കരദാസിനെ എസ്ഐടി സംഘം അറസ്റ്റ് ചെയ്തത്. ശങ്കരദാസിനെ അറസ്റ്റ് ചെയ്യുന്നതിൽ ഉണ്ടായ കാലതാമസത്തെയും അദ്ദേഹത്തിന്റെ ആശുപത്രിവാസത്തെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
മകൻ എസ്പി ആയതുകൊണ്ടാണ് ശങ്കരദാസ് അറസ്റ്റ് ഒഴിവാക്കി ആശുപത്രിയിൽ തുടരുന്നത് എന്നായിരുന്നു കോടതിയുടെ പരാമർശം. ഇതിനു പിന്നാലെയാണ് എസ്ഐടി ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയിൽ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍.വിജയകുമാറിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി. കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാൻ ഒരു ദിവസത്തേയ്ക്കാണ് കസ്റ്റഡിയിൽ വാങ്ങിയത്.
Kerala
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ കോണ്‍ഗ്രസ് പ്രതിനിധികളുടെ കാലത്തു നടന്ന ശബരിമല സ്വർണക്കൊടിമര നവീകരണവും വാജിവാഹനം കാണാതായതുമായ സംഭവങ്ങൾ അന്വേഷിക്കുന്നു.
2017ൽ കോണ്‍ഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായിരുന്ന ബോർഡിന്റെ കാലത്തെ സ്വർണക്കൊടിമര നവീകരണവും ഇതിലെ വാജിവാഹനം ഇപ്പോൾ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലേക്കു കൊണ്ടുപോയ സംഭവവും അന്വേഷണപരിധിയിൽ കൊണ്ടുവരാനാണു നീക്കം.
ക്ഷേത്രസ്വത്തുക്കൾ പുതുക്കുന്പോൾ പഴയ സാധനങ്ങൾ ദേവസ്വം സ്വത്തായി സൂക്ഷിക്കണമെന്ന 2012ലെ ദേവസ്വം കമ്മീഷണറുടെ ഉത്തരവ് മറികടന്ന് വാജിവാഹനം തന്ത്രി കണഠര് രാജീവർക്കു നൽകിയ നടപടിയാണ് പ്രധാനമായി അന്വേഷിക്കുന്നത്.
വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നു പറഞ്ഞ് കൊടിമര നവീകരണം നടത്തിയപ്പോൾ തന്ത്രി കൊണ്ടുപോയിരുന്നുവെന്നാണ് അന്ന് ദേവസ്വം ബോർഡ് അംഗമായിരുന്ന അജയ് തറയിൽ പറയുന്നത്. എന്നാൽ, പഴയ ക്ഷേത്രസ്വത്തുക്കൾ ദേവസ്വം സ്വത്തായി സൂക്ഷിക്കണമെന്ന സർക്കുലറുണ്ടായിട്ടും ഇതു മറികടന്ന് ഭരണസമിതി തന്ത്രിക്കു നൽകിയതിലാകും പ്രധാന അന്വേഷണം.
വാജിവാഹനം തന്ത്രി ആന്ധ്രയിലെ ഒരു ഭക്തന് ലക്ഷങ്ങൾക്കു വില്പന നടത്തിയിരുന്നതായും ശബരിമല സ്വർണക്കൊള്ള അന്വേഷണം തുടങ്ങിയതിനുപിന്നാലെ തന്ത്രി ഇതു തിരികെ വാങ്ങുകയായിരുന്നുവെന്നുമാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനം. വാജിവാഹനം പിന്നീട് തന്ത്രിയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്തിരുന്നു. 15 കിലോയോളം വരുന്ന പഞ്ചലോഹത്തിൽ നിർമിച്ച വാജിവാഹനം തങ്കം പൊതിഞ്ഞതെന്നാണു രേഖ.
കൊടിമരത്തിന് നവീകരണം ആവശ്യമുണ്ടെന്നു തന്ത്രി പറഞ്ഞതിനെത്തുടർന്നാണ് 2017ൽ നവീകരണ പ്രവർത്തനത്തിലേക്കു കടന്നത്. കൊടിമരം പൊതിഞ്ഞ സ്വർണവും കാണാനില്ലെന്ന് ആരോപണം ഉയർന്നിരുന്നു. കൊടിമരത്തിനുചുറ്റുമുള്ള അഷ്ടദിക് പാലകർ, സ്വർണപ്പറകൾ തുടങ്ങിയവയും കണ്ടെത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ടെല്ലാം അന്വേഷണം വരുമെന്നാണു സൂചന.
അതിനിടെ, ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തി പൂജപ്പുര ജയിലിലെ ഡോക്ടർ പരിശോധിച്ചു. ഇന്നു കൊല്ലം വിജിലൻസ് കോടതിക്ക് റിപ്പോർട്ട് നൽകും. കോടതിയുടെ ഉത്തരവുപ്രകാരം ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കോ ജയിലിലേക്കോ മാറ്റും.
കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് കഴിഞ്ഞദിവസം ആശുപത്രിയിലെത്തി ശങ്കരദാസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിലേക്കാണു റിമാൻഡ് ചെയ്തത്. എന്നാൽ 82 വയസുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില സെൻട്രൽ ജയിലിലെ ഡോക്ടർ സ്വകാര്യ ആശുപത്രിയിലെത്തി പരിശോധിച്ചശേഷം തുടർതീരുമാനമെടുക്കാനായിരുന്നു നിർദേശം.
കൊല്ലം: ശബരിമലയിലെ വിവാദമായ സ്വര്‍ണക്കൊള്ള കേസിൽ വിഎസ്എസ്സിയില് നടത്തിയ നിര്‍ണായക ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് കൊല്ലം വിജിലന്‍സ് കോടതിയിലെത്തി. ദ്വാരപാലകശില്പം, കട്ടിളപ്പാളി തുടങ്ങി 15 സാന്പിളുകളുടെ പരിശോധനാഫലമാണ് കോടതിക്കു കൈമാറിയത്.
വിഎസ്എസ്സിയില് നടത്തിയ വിദഗ്ധ പരിശോധനാ റിപ്പോർട്ട് മുദ്രവച്ച കവറിലാണു കോടതിയില്‍ സമര്‍പ്പിച്ചത്. 2019ല്‍ ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുന്നതിനുമുന്പും ശേഷവുമുള്ള സ്വര്‍ണത്തിന്റെ അളവിലും ഗുണനിലവാരത്തിലും മാറ്റം വന്നിട്ടുണ്ടോയെന്നു കണ്ടെത്താനാണ് ശാസ്ത്രീയ പരിശോധന നടത്തിയത്.
കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ നേതൃത്വത്തിലാണ് അന്ന് അറ്റകുറ്റപ്പണികള്‍ നടന്നത്. ചെമ്പുപാളികളില്‍ സ്വര്‍ണം പൂശിയതിലൂടെ വലിയതോതില്‍ സ്വര്‍ണം അപഹരിക്കപ്പെട്ടുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് സങ്കീർണമായ ഈ ശാസ്ത്രീയ പരിശോധന വേണ്ടിവന്നത്.
പഴയ ചെമ്പുപാളികള്‍ തന്നെയാണോ ശബരിമലയില്‍ ഇപ്പോഴുമുള്ളത്, ആ പാളികളില്‍ തന്നെയാണോ സ്വര്‍ണംപൂശല്‍ അടക്കമുള്ള പ്രവൃത്തികള്‍ നടന്നത് തുടങ്ങിയ കാര്യങ്ങളും ശാസ്ത്രീയ പരിശോധനാറിപ്പോർട്ടിലൂടെ സ്ഥിരീകരിക്കാനാകും. വിഎസ്എസ്സിയുടെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തിന്റെ ദിശ മാറ്റും.
Kerala
കൊച്ചി: ശബരിമല ക്ഷേത്രത്തിലെ കൊടിമരത്തിലുണ്ടായിരുന്ന വാജിവാഹനം ക്ഷേത്രം തന്ത്രി തട്ടിക്കൊണ്ടുപോയെന്ന രീതിയില്‍ എസ്ഐടി കേസെടുത്തത് തന്ത്രിമാരെ അവഹേളിക്കാന്വേണ്ടിയാണെന്നു തന്ത്രിമാരുടെ വിവിധ കൂട്ടായ്മകള്‍.
ക്ഷേത്രാധിഷ്ഠിത ആചാരങ്ങള്‍ നിര്‍വചിക്കുന്ന തന്ത്ര സമുച്ചയത്തിലെ വ്യവസ്ഥകള്‍പ്രകാരം വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണ്. തന്ത്രസമുച്ചയത്തിലെ വ്യവസ്ഥകള്‍ മനസിലാക്കിയാണ് ദേവസ്വം ബോര്‍ഡ് തന്ത്രിക്കു വാജിവാഹനം നല്‍കിയത്.
ബോർഡിന്റെ സമ്മതത്തോടെ തന്ത്രിക്കു ലഭിച്ച വാജിവാഹനം അദ്ദേഹത്തിന്റെ ഇല്ലത്തുനിന്ന് പിടിച്ചെടുത്തത് ശരിയായ നടപടിയല്ല. ചൈതന്യമുള്ള ഇത്തരം വസ്തുക്കള്‍ വീട്ടില്‍ കൊണ്ടുപോയി വയ്ക്കാന്‍ ചിലര്‍ ഭയക്കുമ്പോള്‍ അതു തിരിച്ചേൽപ്പിച്ചേക്കാം. തിരിച്ചേൽപ്പിച്ചില്ലെങ്കില്‍ കുറ്റവാളിയാകില്ലെന്നും അവര്‍ പറഞ്ഞു.
വാജിവാഹനം മോഷണം പോയെന്ന് ആരും പരാതി കൊടുത്തിട്ടില്ല. കോടതിയില്‍ ഹാജരാക്കാന്‍ വാജിവാഹനം തൊണ്ടിമുതലാണോയെന്നും തന്ത്രികൂട്ടായ്മകള് ചോദിച്ചു. സ്വര്‍ണം ചെമ്പാക്കി കൊള്ളയ്ക്കു കൂട്ടുനിന്ന എല്ലാവരെയും അണിയറയില്‍ നിര്‍ത്തിയിട്ട് തന്ത്രിയിലും മേല്ശാന്തിമാരിലും കുറ്റം ആരോപിക്കുന്നതു സംശയാസ്പദമാണ്.
അതേസമയം ശബരിമലയിലെ സ്വര്‍ണക്കൊള്ള മാത്രമല്ല അവിടെ നടക്കുന്ന ശാസ്ത്രവിരുദ്ധമായ എല്ലാപ്രവൃത്തികളും തടയാനുള്ള ഉത്തരവാദിത്വവും ക്ഷേത്രം തന്ത്രിക്കാണ്.
എന്നാല്‍, തന്ത്രിസ്വന്തം സ്ഥാനം നിലനിര്‍ത്താനോ സ്വാര്ഥലാഭത്തിനുവേണ്ടിയോ ഇതിനൊക്കെ മൗനാനുവാദം നല്കിയിട്ടുണ്ടെങ്കില് തന്ത്രിയും ശിക്ഷിക്കപ്പെടണമെന്നും അവര്‍ പറഞ്ഞു.
യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എന്‍.ഡി. നമ്പൂതിരി, തന്ത്രി സമാജം മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഈശാനന് നമ്പൂതിരി, അഖില കേരള തന്ത്രി സമാജം പ്രതിനിധി പരമേശ്വരന് ഭട്ടതിരിപ്പാട്, രാധാകൃഷ്ണന് പോറ്റി, എസ്.പി. ശ്രീനിവാസന് പോറ്റി, രാധാകൃഷ്ണന് പുന്നശേരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായി സ്വകാര്യ ആശുപത്രിയിൽ തുടരുന്ന ആർ. ശങ്കർദാസിനെ ആശുപത്രി മാറ്റുന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടാകും. ജയിൽ ഡോക്ടർ ഇന്ന് ശങ്കർദാസിനെ പരിശോധിക്കും. തുടർന്നാണ് ആശുപത്രിമാറ്റുന്ന കാര്യത്തിൽ തീരുമാനത്തിലെത്തുക.
ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുന്നകാര്യമടക്കമാണ് പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെത്തി കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഇയാളെ 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
അതേസമയം തന്ത്രിയെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം ഇന്ന് കോടതിൽ അപേക്ഷ സമർപ്പിച്ചേക്കും. ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍. വിജയകുമാറിനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും.
കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാൻ ഒരു ദിവസത്തേയ്ക്കാണ് കസ്റ്റഡിയിൽ വാങ്ങുക.
Kerala
തിരുവനന്തപുരം: ജയിലിൽ അഭിഭാഷകനുമായി ചർച്ചയ്ക്ക് അവസരം വേണമെന്ന ആവശ്യവുമായി ശബരിമല സ്വ൪ണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവര് കോടതിയെ സമീപിച്ചു.
ദ്വാരപാലക ശിൽപ്പപാളിക്കേസിൽ കൂടി അറസ്റ്റിന് കോടതി അനുമതി നൽകിയതിനു പിന്നാലെയാണ്, പ്രത്യേകം അഭിഭാഷകനെ വേണമെന്നും ജയിലിൽ കേസ് കാര്യങ്ങൾ ചർച്ച ചെയ്യാൻ അഭിഭാഷകനെ അനുവദിക്കണമെന്നും തന്ത്രി കോടതിയിൽ അപേക്ഷ നൽകിയത്. എന്നാൽ ഇതിനെ എസ്ഐടി എതിർക്കുമെന്നാണു വിവരം. ശ്രീകോവിലിലെ കട്ടിളപ്പാളിയും പ്രഭാമണ്ഡലവും കൊള്ളയടിച്ച കേസിൽ പതിമ്മൂന്നാം പ്രതിയായ തന്ത്രി റിമാൻഡിലാണ്.
സ്വർണപ്പാളികൾ കടത്തിയതിനെക്കുറിച്ച് തന്ത്രിക്ക് കൃത്യമായ അറിവുണ്ടായിരുന്നു എന്നതിനും പോറ്റിക്ക് സ്വർണക്കൊള്ളയ്ക്ക് ഒത്താശ ചെയ്തതിനും ഗൂഢാലോചനയിൽ പങ്കാളിയായതിനുമുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് എസ്ഐടി പറയുന്നു.
കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പ കേസുകൾക്ക് പുറമെ 2017ൽ പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചതിലെ ക്രമക്കേടുകളും എസ്ഐടി അന്വേഷിക്കുകയാണ്. പുതിയ കൊടിമരം സ്ഥാപിച്ചപ്പോൾ പഴയതിലുണ്ടായിരുന്ന വാജിവാഹനം തനിക്ക് അവകാശപ്പെട്ടതെന്നു പറഞ്ഞ് തന്ത്രി കൊണ്ടുപോയിരുന്നു. വാജിവാഹനം ആന്ധ്രയിലെ വൻവ്യവസായിക്ക് നൽകിയെന്നും സ്വർണക്കൊള്ള പുറത്തായതോടെ തിരികെവാങ്ങിയെന്നുമാണ് വിവരം. ഇത് തന്ത്രിയുടെ വീട്ടിൽ നിന്ന് എസ്ഐടി പിടിച്ചെടുത്തിരുന്നു.
കൊടിമരം മാറ്റിയ കാലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ചോദ്യംചെയ്തു. കോൺഗ്രസ് നേതാവായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ ബോർഡ് പ്രസിഡന്റായിരുന്നപ്പോഴാണ് കൊടിമരം മാറ്റിയത്. കൊടിമരത്തിൽ നിന്ന് മാറ്റിയ അഷ്ടദിഗ്പാലകരുടെ ശിൽപങ്ങളും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിന്റെയെല്ലാം വിവരങ്ങളുള്ള തിരുവാഭരണം രജിസ്റ്ററുകൾ നശിപ്പിക്കപ്പെട്ടെന്നാണ് സൂചന.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ കെ.പി.ശങ്കർദാസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം ഇന്ന് കേൾക്കും. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വാദം കേൾക്കുക.
ശങ്കർദാസ് അബോധാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുകയാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഫോട്ടോയും സമർപ്പിച്ചിരുന്നു.
എസ്ഐടി ശേഖരിച്ച മെഡിക്കൽ റിപ്പോർട്ടുകൾ ഇന്ന് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
Kerala
കൊല്ലം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളി കവര്‍ന്ന കേസിലും തന്ത്രി കണ്ഠര് രാജീവര് പ്രതി. കൊല്ലം വിജിലന്‍സ് കോടതിയാണ് പ്രതിചേര്‍ക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിന് അനുമതി നല്‍കിയത്.
കോടതിയില്‍നിന്ന് അനുമതി ലഭിച്ചതിനു പിന്നാലെ ജയിലിലെത്തി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി. തന്ത്രി കോടതിയുടെ കസ്റ്റഡിയിലായതിനാല്‍ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്യണമെങ്കില്‍ കോടതിയുടെ അനുമതി വാങ്ങേണ്ടതുണ്ടായിരുന്നു. അതിനാലാണ് ദ്വാരപാലക ശില്പ കേസില്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ കോടതിയുടെ അനുമതി എസ്ഐടി തേടിയത്.
കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നിവ കൊണ്ടുപോകുമ്പോള്‍ തന്ത്രി സന്നിധാനത്ത് ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ കണ്ഠര് രാജീവരെകൂടി കേസില്‍ പ്രതിയാക്കണമെന്ന ആവശ്യമാണ് ഇന്നലെ എസ്ഐടി കോടതിയില്‍ ഉന്നയിച്ചത്.തിരുവിതാംകൂര്‍ ദേവസ്വം മാനുവലിലെ തന്ത്രിയുടെ കടമകള്‍ കട്ടിളപ്പാളി കേസിലെ എസ്ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിരുന്നു.
തന്ത്രി ദേവസ്വം ബോര്‍ഡില്‍നിന്ന് വാങ്ങുന്ന പ്രതിഫലത്തെ പടിത്തരമെന്നാണ് പറയുന്നത്. പടിത്തരം ദക്ഷിണയല്ല, പ്രതിഫലമെന്നാണ് എസ്ഐടിക്ക് ലഭിച്ച നിയമോപദേശം. അസി.കമ്മീഷണറുടെ അതേ ഉത്തരവാദിത്വങ്ങള്‍ വഹിക്കേണ്ട തന്ത്രി ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാനും ബാധ്യസ്ഥനാണെന്നാണ് എസ്ഐടിയുടെ നിലപാട്.
അതേസമയം, ആദ്യകേസിലെ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതു കൊല്ലം വിജിലന്‍സ് കോടതി 19ലേക്ക് മാറ്റി. എസ്ഐടിയുടെ റിപ്പോര്‍ട്ടു കൂടി പരിഗണിച്ചതിനുശേഷം മാത്രമായിരിക്കും തന്ത്രിയുടെ ജാമ്യാപേക്ഷയില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുക. അതിനിടെ മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാന്‍ഡ് 27വരെ നീട്ടി.
വാജിവാഹനം തന്ത്രിയുടെ പക്കൽ: എസ്ഐടി കോടതിയിൽ ഹാജരാക്കി
കൊല്ലം: ശബരിമല തന്ത്രിയുടെ കൈവശം വച്ചിരുന്ന വാജിവാഹനം പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജിവാഹനം തന്ത്രി കണ്ഠര് രാജീവര് കൈവശം വച്ചിരിക്കുകയായിരുന്നു.
ശബരിമലയിലെ വളരെ മൂല്യമുള്ള വസ്തുക്കളില്‍ ഒന്നാണ് വാജിവാഹനം. 2017ല്‍ ശബരിമലയിലെ കൊടിമരം പുതുക്കി മാറ്റിസ്ഥാപിച്ചപ്പോള്‍ അതിലുണ്ടായിരുന്ന പതിനൊന്ന് കിലോ ഭാരമുള്ള പഞ്ചലോഹത്തില്‍ നിര്‍മിതമായ സ്വര്‍ണം പൊതിഞ്ഞ വാജി വാഹനം തന്ത്രി കണ്ഠര് രാജീവര് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. പ്രത്യേക അന്വേഷണംസംഘം ഇന്നലെ കൊല്ലം വിജിലന്‍സ് കോടതിയിലാണ് വാജി വാഹനം സമര്‍പ്പിച്ചത്.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് മകരസംക്രമ ദിനമായ ഇന്ന് കേരളത്തിലെ പതിനായിരത്തിലധികം കേന്ദ്രങ്ങളിൽ ബിജെപി ശബരിമല സംരക്ഷണ ജ്യോതി തെളിക്കും.
വൈകുന്നേരം ആറിനു നടക്കുന്ന ‘വീട്ടിലും നാട്ടിലും അയ്യപ്പജ്യോതി’ പരിപാടിയിൽ ലക്ഷക്കണക്കിന് ബിജെപി പ്രവർത്തകർ അണിചേരും.
ബിജെപി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും ജ്യോതി തെളിക്കുമെന്നും സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖർ അയ്യപ്പ ജ്യോതിയുടെ ഭാഗമാകുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്.സുരേഷ് അറിയിച്ചു.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്കുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് എസ്ഐടി വ്യക്തമാക്കി. സ്വർണപ്പാളികൾ കൈമാറിയതിലെ ഗൂഢാലോചനയിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ആചാര ലംഘനം നടത്തി ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തിയ തന്ത്രിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും റിമാൻഡ് റിപ്പോര്‍ട്ടിൽ എസ്ഐടി വ്യക്തമാക്കുന്നു. എന്നാൽ തന്ത്രിയെ കേസിൽ കുടുക്കിയതാണെന്നും അദ്ദേഹത്തിന് സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തന്ത്രിയെ വീണ്ടും സബ്ജയിലിലേക്ക് മാറ്റി. മെഡിക്കൽ കോളജിലെ 24 മണിക്കൂർ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് തന്ത്രിയെ ഡിസ്ചാർജ് ചെയ്തത്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിനെതിരേ അതിരൂക്ഷ പരാമര്‍ശവുമായി ഹൈക്കോടതി. ദേവസ്വം ബോര്‍ഡിന്റെ പണിയെന്താണെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസില്‍ പ്രതിചേര്‍ത്തതോടെ ബോര്‍ഡംഗം ശങ്കരദാസ് ആശുപത്രിയില്‍ പോയി കിടക്കുകയാണെന്നും കോടതി വിമർശിച്ചു.
കേസിലെ പ്രതികളായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, ദേവസ്വം ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥന് മുരാരി ബാബു, ജ്വല്ലറി വ്യാപാരി ഗോവര്ധനന് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണു ജസ്റ്റീസ് ബദറുദ്ദീന്‍ ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ചത്. ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ബോര്‍ഡിനുണ്ട്. പത്മകുമാര്‍ ഉത്തരവാദിത്വം കാണിച്ചില്ലെന്നും കോടതി പറഞ്ഞു.
52 ദിവസമായി ജയിലിലാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അഭിഭാഷകന് അറിയിച്ചു. എന്നാല്‍ കേസില്‍ പ്രതിചേര്‍ത്തതോടെ ശങ്കര്‍ദാസ് ആശുപത്രിയില്‍ പോയി കിടക്കുകയാണ്. ഇങ്ങനെയാണോ സഹകരിക്കുന്നത്. അദ്ദേഹത്തിന്റെ മകന് പോലീസ് ഓഫീസറാണ്. എന്ത് അസംബന്ധമാണു കാണിക്കുന്നതെന്നും കോടതി ചോദിച്ചു.
കൊല്ലം സെഷന്‍സ് കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ശങ്കർദാസ് അബോധാവസ്ഥയിലാണെന്ന് അഭിഭാഷകന് അറിയിച്ചിരുന്നു. മെഡിക്കല്‍ രേഖകള്‍ സെഷന്‍സ് കോടതി ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ഹൈക്കോടതിയുടെ വിമര്‍ശനമുണ്ടായത്. ഉണ്ണികൃഷ്ണന് പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചെന്നും കോടതി വിര്‍മശിച്ചു.വിശ്വാസികളുടെ താത്പര്യത്തിനായി ദേവസ്വം സ്വത്ത് സംരക്ഷിക്കേണ്ടതു പത്മകുമാറിന്റെ കടമയാണെന്നും കോടതി പറഞ്ഞു.
ദേവസ്വം യോഗത്തിന്റെ കുറിപ്പില്‍ ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയതാണ് അന്വേഷണസംഘം വലിയ തെറ്റായി കാണുന്നതെന്ന് പത്മകുമാറിന്റെ അഭിഭാഷകന് വാദിച്ചു. സ്വര്‍ണം ചെമ്പാക്കുന്നത് ഗുരുതരമായ അപരാധംതന്നെയാണെന്ന് കോടതി പറഞ്ഞു. പിടിക്കപ്പെടരുതെന്ന് ആഗ്രഹമുള്ളവര്‍ ബുദ്ധിപൂര്‍വമാണ് കുറ്റം ചെയ്യുകയെന്ന് കോടതി പറഞ്ഞു.
വാദത്തിനിടെ, ഉണ്ണികൃഷ്ണന് പോറ്റി താത്കാലിക സ്പോൺസറായിരുന്നുവെന്ന് അഭിഭാഷകര്‍ അറിയിച്ചപ്പോഴാണ് ചെറിയ ഇരയിട്ട് വലിയ മീനിനെ പിടിക്കാന്‍ ശ്രമിച്ചതെന്ന് കോടതി വിമര്‍ശിച്ചത്.
ഗോവര്ധന് അയ്യപ്പഭഗവാന്റെ കടുത്ത ആരാധകനാണെന്നും വര്‍ഷങ്ങളായി ക്ഷേത്രത്തിനു വിവിധ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകന് വാദിച്ചു. എസ്ഐടി മുമ്പ് പിടിച്ചെടുത്ത സ്വര്‍ണം ഉള്‍പ്പെടെ ശബരിമല ക്ഷേത്രത്തിന് അദ്ദേഹം നല്കിയ ആകെ സംഭാവനകള്‍ 1.4 കോടി രൂപയിലധികമാണെന്നുമായിരുന്നു വാദം. ജാമ്യഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി.
ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനായി നിയമം നിര്‍മിക്കുന്നതിന് സംസ്ഥാനത്തിന് ശിപാര്‍ശ നൽകണമെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് കോടതി വാക്കാല്‍ നിര്‍ദേശിച്ചു. അതില്‍ ഉത്തരവാദിത്വം ലംഘിക്കുന്നതിനുള്ള ശിക്ഷാ വ്യവസ്ഥകളും ഉള്‍പ്പെടുത്തണമെന്നും കോടതി പറഞ്ഞു.
ദേവസ്വം മാന്വലിന്റെ ലംഘനം സംബന്ധിച്ച ഏക ആരോപണം മാത്രമാണ് ഉന്നയിച്ചിരിക്കുന്നതെന്നും ഇതു ശിക്ഷാര്‍ഹമായ കുറ്റമല്ലെന്നും പത്മകുമാറിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് പി. വിജയഭാനു വാദിച്ചതിനെത്തുടര്‍ന്നാണ് നിയമനിര്‍മാണത്തെക്കുറിച്ച് കോടതി പറഞ്ഞത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തതിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ 2026 നിയമസഭാ തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള ‘ഇലക്ഷൻ പ്രതിരോധ കാന്പയിൻ’ ലോഞ്ച് ചെയ്തിരിക്കുകയാണെന്ന് ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ.
തന്ത്രിയെ കുടുക്കിയ അനീതിക്കെതിരേ ഹൈക്കോടതി സ്വമേധയാ ഇടപെടണമെന്നും രാഹുൽ ഈശ്വർ പത്രസമ്മേളനത്തിൽ പറഞ്ഞു.
Kerala
തൃശൂർ: ശബരിമലയിലെ സ്വർണമോഷണവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന നീക്കങ്ങൾ കള്ളന്മാരെ പിടികൂടാനല്ല, മറിച്ചു കുറ്റവാളികളായ തങ്ങളുടെ സ്വന്തക്കാരെ സംരക്ഷിച്ചുനിർത്താനാണെന്ന് മന്ത്രി വി. ശിവൻകുട്ടി.
സ്വർണം കട്ടവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരിക എന്നതല്ല ബിജെപിയുടെ യഥാർഥ ആവശ്യം. തങ്ങളുടെ നിഗൂഢതാത്പര്യങ്ങൾ സംരക്ഷിക്കുന്നവരെ എന്തു വിലകൊടുത്തും രക്ഷിച്ചെടുക്കുക എന്നത് മാത്രമാണ് അവരുടെ അജൻഡ. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധപരിപാടികൾ ആർക്കെതിരേയാണെന്നു ബിജെപി നേതൃത്വം വ്യക്തമാക്കണം.
നിലവിൽ അന്വേഷണത്തിനു നേരിട്ടു മേൽനോട്ടം വഹിക്കുന്നതു ഹൈക്കോടതിയാണ്. അപ്പോൾ ബിജെപിയുടെ ഈ സമരം ഹൈക്കോടതിക്ക് എതിരേയാണോ? ഇക്കാര്യം ജനങ്ങളോടു തുറന്നുപറയാനുള്ള ആർജവം അവർ കാണിക്കണം.
അയ്യപ്പവിശ്വാസികളെക്കാൾ കുറ്റവാളികളോടാണ് ബിജെപിക്കു കൂറ് എന്നു തെളിഞ്ഞിരിക്കുകയാണ്. ഭക്തരുടെ വികാരംവച്ച് മുതലെടുപ്പ് നടത്തുന്നവർ ഇപ്പോൾ കള്ളന്മാർക്കുവേണ്ടി കവചം തീർക്കുന്നതു വിരോധാഭാസമാണ്.
സംസ്ഥാന ഏജൻസിയുടെ അന്വേഷണം കൃത്യമായി നടക്കുമ്പോൾ, കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതു ബിജെപിയുടെ ഉള്ളിലെ ഭയത്തിന്റെ പ്രതിഫലനമാണ്. തന്ത്രിയുടെ താമസസ്ഥലത്തു നേതാക്കൾ അടിയന്തരമായി സന്ദർശനം നടത്തിയത് എന്തിനാണെന്നു ബിജെപി വ്യക്തമാക്കണം. അതു തെളിവ് നശിപ്പിക്കാനാണോ എന്നു സംശയമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Kerala
കണ്ണൂർ: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രിയില്‍ ചാരി മന്ത്രിയെ രക്ഷപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകരുതെന്നും അത് എസ്ഐടി ശ്രദ്ധിക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉള്‍പ്പെടേണ്ട എല്ലാവരിലേക്കും അന്വേഷണം എത്തണം. ഈ അന്വേഷണത്തിന്റെ ഗതിവിഗതി നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ചില താത്പര്യങ്ങളുണ്ട്. എസ്ഐടിയെ കൂച്ചുവിലങ്ങിടാനുള്ള ശ്രമമുണ്ട്. നിയമം എല്ലാവര്ക്കും ബാധകമാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
പോലീസ് അന്വേഷണത്തിലും കോടതിയുടെ നീരക്ഷണത്തിലുമുള്ള കേസായതിനാല്‍ തന്ത്രിയെ കുടുക്കിയതെന്ന വാദത്തില്‍ മറുപടി പറയാനില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
Kerala
ചെങ്ങന്നൂർ: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ തുടരുന്ന തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെ പരിശോധന പൂർത്തിയാക്കി പ്രത്യേക അന്വേഷണ സംഘം മടങ്ങി. ഉച്ചയ്ക്ക് 2.50ഓടെയാണ് എസ്ഐടി പോലീസ് സംഘത്തോടൊപ്പം വീട്ടിലെത്തിയത്.
ചെങ്ങന്നൂരിലെ തന്ത്രിയുടെ വീട്ടിൽ എട്ട് മണിക്കൂർ നീണ്ടുനിന്ന പരിശോധനയ്ക്ക് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം മടങ്ങിയത്. പ്രാദേശിക തലത്തിലുള്ള സ്വർണപ്പണിക്കാരനുമായെത്തി വിശദമായ പരിശോധനയാണ് തന്ത്രിയുടെ വീട്ടിൽ എസ്ഐടി നടത്തിയത്.
കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക ഇടപാട് തന്ത്രി നടത്തിയിട്ടുണ്ടോ എന്നായിരുന്നു പരിശോധന. എസ്ഐടി പരിശോധനയിൽ രേഖകൾ പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരം.
ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്വർണാഭരണങ്ങൾ, സാമ്പത്തിക ഇടപാട് രേഖകൾ എന്നിവയും പരിശോധിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രിയുടെ കുടുംബവുമായി ബന്ധമുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചിരുന്നു.
കുടുംബാംഗങ്ങളുമായി ഇതേ കുറിച്ച് ചോദിച്ചറിഞ്ഞതായും വിവരമുണ്ട്. ശബരിമലയിലേക്ക് കയറികൂടാൻ പോറ്റിയെ സഹായിച്ചത് തന്ത്രിയാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
Kerala
ചെങ്ങന്നൂർ: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ തന്ത്രി രാജീവ് കണ്ഠരരെ പഴിചാരി മുൻ ദേവസ്വം മന്ത്രിമാരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി. തന്ത്രിയുടെ ചെങ്ങന്നൂരിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്ത്രിയുടെ അറസ്റ്റ് തിടുക്കപ്പെട്ടാണെന്നതിൽ ബിജെപിക്ക് സംശയമുണ്ട്. സ്വർണക്കൊള്ള നടന്ന കാലയളവിൽ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, വി.എൻ. വാസവൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കും ഹൈക്കോടതി നിയമിച്ച ദേവസ്വം കമ്മീഷണർക്കും ഇല്ലാത്ത എന്ത് ബാധ്യതയാണ് തന്ത്രിക്കുള്ളതെന്ന് സന്ദീപ് ചോദിച്ചു.
സ്വർണക്കൊള്ളയിൽ ഉത്തരവാദിത്വപ്പെട്ട മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ഒഴിവാക്കി തന്ത്രിക്കെതിരെ മാത്രം നടപടിയെടുക്കുന്നത് സംശയാസ്പദമാണ്. കേസ് നിയമവഴിക്ക് നീങ്ങുമ്പോഴും പൊതുസമൂഹത്തിന് മുന്നിൽ നിരവധി ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട്. സർക്കാരിന്റെ വീഴ്ചകൾ മറച്ചുവയ്ക്കാൻ തന്ത്രിയെ ബലിയാടാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി.ബി. അഭിലാഷ്, മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ എന്നിവരും സന്ദീപ് വാചസ്പതിക്കൊപ്പം തന്ത്രിയുടെ കുടുംബത്തെ സന്ദർശിച്ചു.
Kerala
തിരുവനന്തപുരം: സ്വർണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ സ്പെഷ്യൽ സബ് ജയിലിൽവച്ച് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു.
തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.രക്തസമ്മര്‍ദം ഉയര്‍ന്ന തോതിലാണെന്നും ഇസിജിയിൽ കൂടുതൽ പരിശോധന വേണ്ടിവരുമെന്നും ഡോക്ടർ നിർദേശിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തന്ത്രിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രതിക്ക് മതിയായ ചികിത്സ നൽകണമെന്ന് ജയിൽ സൂപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചിരുന്നു. കേസിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരരുടെ അറസ്റ്റിൽ പ്രതികരിച്ച് മുൻ ഡിജിപി ടി.പി.സെൻകുമാർ. അറസ്റ്റ് ദുഖകരമാണ്. എന്നാൽ തന്ത്രി കർമ്മഫലം അനുഭവിച്ചേ തീരൂവെന്നും ബിജെപി നേതാവുകൂടിയായ അദ്ദേഹം പറഞ്ഞു.
അയ്യപ്പന്റെ പിതൃതുല്യമായ സ്ഥാനത്തു നിൽക്കുന്ന തന്ത്രി കുടുംബത്തിലെ ഒരാളുടെ അറസ്റ്റ് ദുഖകരമാണ്. എന്നാൽ 2019 മുതൽ ഇന്നുവരെ അവിടെ നടന്ന അനിഷ്ട സംഭവങ്ങൾ ആരെയും അറിയിക്കാതിരുന്നതുതന്നെ കുറ്റകരമാണെന്നും സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റി അവിടെ വർഷങ്ങളോളം വിഹരിച്ചത് എങ്ങനെയാണ്. അവനവൻ ചെയ്യുന്ന കർമ്മങ്ങൾക്ക് അവനവൻ തന്നെ പ്രായശ്ചിതം ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ മറയാക്കി മന്ത്രിയെ രക്ഷിക്കാൻ നീക്കം നടക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ദേവസ്വം ബോർഡിലെ ചിലർ വിചാരിച്ചാൽ മാത്രം ഇത്രയും സ്വർണം കടത്തിക്കൊണ്ടുപോകാൻ കഴിയില്ല.
കേസിൽ തന്ത്രി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് അറിയില്ല. അന്വേഷണത്തിലൂടെ മാത്രമേ അത് ബോധ്യമാകൂ. അത് കോടതിയിൽ പറയേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ നടന്ന തിരിമറികൾ അറിഞ്ഞിട്ടില്ലെങ്കിൽ എന്തിനാണ് മന്ത്രി ആ സ്ഥാനത്ത് ഇരിക്കുന്നത്.
സ്വന്തം വകുപ്പിനു കീഴിൽ ഒരു കൊള്ള നടക്കുമ്പോൾ അത് കണ്ടുപിടിക്കാൻ മന്ത്രിമാർക്ക് കഴിഞ്ഞില്ല എന്നുപറഞ്ഞാൽ ആരാണ് വിശ്വസിക്കുക. പ്രത്യേകിച്ച് മാർക്സിസ്റ്റ് പാർട്ടി പോലെ ഒരു സംവിധാനത്തിൽ. അറസ്റ്റിലായവരെല്ലാം സിപിഎം നേതാക്കളല്ലെയെന്നും മുരളീധരൻ ചോദിച്ചു.
എല്ലാം തന്ത്രിയിൽ അവസാനിപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട. കേസ് പ്രതിപക്ഷം സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്. മന്ത്രിമാരെ രക്ഷിക്കാൻ സർക്കാർ ശ്രമിച്ചാൽ പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കുമെന്നും മുരളീധരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാന്‍ഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ എസ്ഐടി ഇന്ന് പരിശോധന നടത്തും. രാജീവരെ ദ്വാരപാലക കേസില്‍ കൂടി പ്രത്യേക അന്വേഷണസംഘം പ്രതിയാക്കും.
ഇതിനായി എസ്ഐടി കോടതിയുടെ അനുമതി തേടും. അതേസമയം അറസ്റ്റിലായ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങി. ഇതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഇഡി ശേഖരിച്ചു.
വരവില്‍ കവിഞ്ഞ സമ്പാദ്യം കണ്ടെത്തിയാല്‍ മരവിപ്പിക്കും. ഉണ്ണികൃഷ്ണന് പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്ധന് എന്നിവര്‍ തമ്മിലുള്ള ഇടപാട് ആദ്യഘട്ടത്തില്‍ അന്വേഷിക്കും. ശനിയാഴ്ചയാണ് ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ കള്ളപ്പണ ഇടപാട് സ്ഥിരീകരിച്ച് ഇഡി കേസെടുത്തത്.